കുവൈത്ത് സിറ്റി– രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ‘സമ്മർ ക്ലബ്ലുകൾ’ വ്യാപിക്കുന്നതിന്റെ ഭാഗമായി പുതുതായി നാല് ക്ലബ്ബുകൾ കൂടി തുറന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വേനലവധിക്കാലത്ത് കുട്ടികൾക്ക് പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നേടാനായി ആകെ 29 കേന്ദ്രങ്ങളിലായാണ് മന്ത്രാലയം ക്ലബ്ബുകൾ ആരംഭിച്ചത്.
പുതുതായി ആരംഭിച്ച ക്ലബ്ബുകളിൽ മൂന്നെണ്ണം ജഹ്‌റയിലും, ഒരെണ്ണം ഫർവാനിയയിലുമാണ്. കുട്ടികൾക്ക് പഠനം, കായികം, സംസ്‌കാരം, സേവനം എന്നീ മേഖലകളിൽ പ്രാവീണ്യം നേടാനായി സുരക്ഷിതമായ മേൽനോട്ടത്തിലുള്ള അന്തരീക്ഷമൊരുക്കുകയാണ് സമ്മർ ക്ലബ്ബുകളുടെ ലക്ഷ്യം.
വിദ്യാർഥികൾക്ക് കല, ശാസ്ത്രം, സേവനം, പഠന വിഷയങ്ങളിൽ പിന്തുണയും, പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ ഭിന്ന ശേഷി വിദ്യാർഥികൾക്ക് പ്രത്യേക ആക്ടിവിറ്റികളിൽ പ്രാവീണ്യം നേടാനുള്ള സൗകര്യവും ക്ലബ്ബുകളിൽ ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് സാങ്കേതികവും കായികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായ നീന്തൽ പരിശീലനവും, ബാസ്‌കറ്റ് ബോൾ, ഫുഡ്‌ബോൾ, മറ്റ് ഗെയിമുകളും ഒരുക്കിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ കായിക വിദ്യാഭ്യാസ ജനറൽ സൂപർവൈസർ ഡോ. യുസ്‌റ അൽ ഉതൈർ പറഞ്ഞതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫുഡ്‌ബോൾ, നീന്തൽ, ബോളിങ് എന്നിവയാണ് ആൺകുട്ടികൾ കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇതിലൂടെ നേതൃപാടവം, കൂട്ടായ പരിശ്രമം, എന്നിങ്ങനെയുള്ള ക്വാളിറ്റികൾ ചിട്ടപ്പെടുത്തിയ പ്രവർത്തികളിലൂടെ വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആൺകുട്ടികളുടെ കായിക വിദ്യാഭ്യാസ ജനറൽ സൂപർവൈസർ ഡോ. ഹിസ അറബ് പറഞ്ഞു. ഇതിനു പുറമെ സാങ്കേതിക വിദ്യയിൽ പരിശീലനവും, സാങ്കേതിക സൗകര്യ കേന്ദ്രങ്ങളിലേക്ക് ഫീൽഡ് ട്രിപ്, എഐയെ കുറിച്ച് ബോധവൽകരണ വർക്ക്‌ഷോപ്പുകൾ എന്നീ കാര്യങ്ങളും ഉൾപെടുത്തിയാണ് സമ്മർ ക്ലബ്ബുകൾ പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.