കുവൈത്ത് സിറ്റി– പ്രായപ്പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പിതാവിന്റെ സമ്മതമില്ലാതെ വിദേശ യാത്രകള്‍ക്ക് അനുമതിയില്ലയെന്ന പ്രഖ്യാപനവുമായി കുവൈത്ത്. കൂടെയുള്ളത് സ്വന്തം മാതാവാണെങ്കില്‍പ്പോലും പിതാവിന്റെ അനുമതിയുള്ള കൃത്യമായ രേഖയില്ലെങ്കില്‍ യാത്ര മുടങ്ങും. കുവൈത്ത് നിയമപ്രകാരം രക്ഷിതാവായോ അല്ലെങ്കില്‍ വിസ സ്‌പോണ്‍സറായോ നിയമപ്രകാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് കുട്ടിയുടെ പിതാവാണ്. ഈ ആവശ്യകത കുവൈത്ത് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ്. കുവൈത്തികളല്ലാത്ത കുട്ടികളിലും പിതാക്കന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സൂക്ഷ്മമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തര്‍ക്കങ്ങള്‍ തടയുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയായാണ് ഇത് നടപ്പിലാക്കുന്നത്.
കുവൈത്ത് നടപ്പിലാക്കിയ നിയമം അനുസരിച്ച്, പിതാവ് ഒപ്പിട്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒ.എന്‍.സി.) കൈവശമില്ലാതെ സ്വന്തം മാതാവിന്റെ കൂടെ പോലും കുട്ടിക്ക് യാത്ര സാധ്യമാവുകയില്ല. അനധികൃത സ്ഥലം മാറ്റമോ അന്താരാഷ്ട്ര കസ്റ്റഡി തര്‍ക്കങ്ങളോ തടയുന്നതിനാണ് ഈ നടപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം.
നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെങ്കില്‍ പിതാവ് എംബസിയിലോ, അടുത്തുള്ള റെസിഡന്‍സി അഫേഴ്‌സ്, പാസ്‌പോര്‍ട്ട് ഓഫീസിലോ നേരിട്ട് ചെന്ന് ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം. യാത്ര പുറപ്പെടുമ്പോള്‍ വിമാനത്താവളത്തില്‍ ഈ ഒപ്പിട്ട രേഖ ഹാജറാക്കുകയും വേണം.
വിവിഹമോചനം, കസ്റ്റഡി തര്‍ക്കങ്ങള്‍,കൂടാതെ, രക്ഷിതാവ് കുവൈത്തിന് പുറത്ത് താമസിക്കുമ്പോഴുള്ള പ്രശ്ണങ്ങള്‍ എന്നിവ പരിഹരിക്കാനും ,കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനും, യാത്രാ പദ്ധതികളെക്കുറിച്ച് ഇരുവരും ബോധവാന്മാരാണെന്ന് ഉറപ്പിക്കാനും ഈ നിയമം വഴി സാധിക്കുമെന്നാണ് അധികൃതരുടെ വാദം.
പിതാവ് ലഭ്യമല്ലാത്തതോ,സഹകരിക്കാത്തതോ,ആയ സാഹചര്യത്തില്‍, മാതാവിന് പേഴ്‌സണല്‍ സ്റ്റാറ്റസ് വഴി കോടതിയില്‍ അപേക്ഷിക്കാമെന്നും,ഇത് മൂലം കോടതി കുട്ടിയുടെ യാത്ര അനുവദിക്കുന്നതിന് ഒരു ജുഡീഷ്യല്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നും നിയമത്തില്‍ വിശദീകരിക്കുന്നു.