കുവൈത്ത് സിറ്റി– ട്രാഫിക് നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും പിഴയും ഒഴിവാക്കി സാമൂഹിക സേവനം ശിക്ഷയായി നൽകാൻ പദ്ധതിയിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർ പള്ളികൾ, തെരുവുകൾ വൃത്തിയാക്കുക, പൊതുപാർക്കുകളിൽ മരങ്ങൾ നടുക, ആവശ്യമുള്ള പ്രത്യേക കേന്ദ്രങ്ങളിലോ ആശുപത്രികളിലോ സഹായിക്കുക, മറ്റ് കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങിയവ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു.
1976-ലെ ട്രാഫിക് നിയമത്തിൽ മാറ്റം വരുത്തിയാണ് ഈ പരിഷ്‌കാരം. കുറ്റക്കാരൻ കാരണമായ നാശനഷ്ടങ്ങൾ നന്നാക്കി കൊടുക്കുക, ട്രാഫിക് സുരക്ഷാ ക്യാമ്പയിനുകളിൽ പങ്കെടുക്കുക, സ്‌കൂളുകളിലോ സാമൂഹിക സ്ഥാപനങ്ങളിലോ സേവനം, പള്ളികളിൽ ഖുർആനുകൾ ക്രമീകരിക്കൽ, ബീച്ചുകളിലെ മാലിന്യം നീക്കം ചെയ്യുക, ദാനധർമ്മം വിതരണം ചെയ്യുക തുടങ്ങിയവ ശിക്ഷയായി നൽകാം.
പരിശീലന പ്രോഗ്രാമുകൾ, വർക്ക് ഷോപ്പുകൾ, പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പയിനുകൾ, അശ്രദ്ധമായ ഡ്രൈവിംഗ് പരിഹരിക്കാനുള്ള പ്രത്യേക സെഷനുകൾ എന്നിവയും ഉൾപ്പെടുത്തും. ജനറൽ ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ, സർക്കാർ സ്ഥാപനങ്ങളും എൻജിഒകളും ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.