കുവൈത്ത്- ഇന്ത്യൻ ഹുദാ സെന്റർ ഈദുൽ ഫിത്ർ നമസ്കാരം മംഗഫ് ബീച്ചിലും ഫർവാനിയ ബയ്ലിങ്കൽ സ്കൂൾ ഗ്രൗണ്ടിലുമായി സംഘടിപ്പിച്ചു. പുലർച്ചെ 5:56 ന് ആരംഭിച്ച ഈദ് നമസ്‌കാരത്തിന് ജൈസൽ എടവണ്ണ, അബ്ദുല്ല കാരക്കുന്ന് എന്നിവർ നേതൃത്വം നൽകി. ഒരുമാസക്കാലമായി തുടർന്നുപോന്ന സൂക്ഷ്മത നിലനിർത്തി കൊണ്ട് പുണ്യങ്ങൾ അധികരിപ്പിക്കാനും അറ്റുപോയ സാഹോദര്യ ബന്ധങ്ങളുടെ കണ്ണി ചേർക്കാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും വിശ്വാസികൾ പ്രതിജ്ഞാബദ്ധരാണെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു.

ലഹരി ഉപയോഗം യുവതലമുറയെ കാർന്നുതിന്നുന്ന മഹാവിപത്തെന്നും അതിൽ നിന്ന് വിട്ടുനിൽക്കലും ബോധവത്കരണം നടത്തലും വിശ്വസികൾക്ക് അനിവാര്യണെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി. പലവിധ ഉപരോധംങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ കഷ്ടപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ഖുത്ബയിൽ അഭ്യർത്ഥിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം അനേകം പേർ ഹുദ സെന്റർ ഈദ് പ്രാർത്ഥനയിൽ പങ്കെടുത്തു.