കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാർ പുതുക്കി, പ്രതിവാര സീറ്റ് ശേഷി 50 ശതമാനം വർധിപ്പിച്ച് 18,000 ആയി ഉയർത്തി. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽസബാഹും ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയും ജൂലൈ 16ന് ന്യൂഡൽഹിയിൽ ഒപ്പുവെച്ച ധാരണാപത്രമാണ് ഈ വർധനവിന് വഴിയൊരുക്കിയത്. 2006ൽ 8,320 സീറ്റുകളിൽ നിന്ന് 12,000 ആയി ഉയർത്തിയ ശേഷം, ഇതാദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യോമയാന അവകാശങ്ങൾ വിപുലീകരിക്കുന്നത്.
പുതിയ കരാർ ഇരുദിശകളിലേക്കും ആഴ്ചയിൽ 18,000 സീറ്റുകളിൽ വിമാന സർവീസുകൾ നടത്താൻ വിമാനക്കമ്പനികളെ അനുവദിക്കുന്നു. വ്യോമയാന മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കരാർ ഒപ്പുവെച്ചതെന്ന് ശൈഖ് ഹമൂദ് അൽസബാഹ് വ്യക്തമാക്കി. “യാത്രക്കാരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും വ്യോമയാന വ്യവസായത്തിന്റെ വികസിത ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ കരാർ ഇരുരാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ-കുവൈത്ത് റൂട്ടിൽ യാത്രാ ആവശ്യം വൻതോതിൽ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സീറ്റ് ശേഷി വർധിപ്പിച്ചത്. നിലവിൽ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികൾ പ്രതിദിനം ഏകദേശം 40 വിമാന സർവീസുകൾ ഈ റൂട്ടിൽ നടത്തുന്നു. കുവൈത്ത് എയർവേയ്സ് 54 പ്രതിവാര സർവീസുകളുമായി മുന്നിൽ നിൽക്കുന്നു, തൊട്ടുപിന്നാലെ 36 സർവീസുകളുമായി ഇൻഡിഗോയും.
പുതിയ കരാർ പ്രയോജനപ്പെടുത്തി, ഇൻഡിഗോ 5,000 അധിക സീറ്റുകൾ, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഓരോന്നിനും 3,000 സീറ്റുകൾ, എയർ ഇന്ത്യ 1,500 സീറ്റുകൾ എന്നിവ പ്രതിവാരം നേടാൻ ശ്രമിക്കുന്നു. കുവൈത്തിന്റെ ദീർഘകാല അഭ്യർഥനയ്ക്ക് മറുപടിയായാണ് ഈ വർധന. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തുടക്കത്തില്‍ മുന്‍ഗണന നല്‍കും.
2025 ഓഗസ്റ്റിൽ പുതിയ സീറ്റ് ശേഷിയിൽ സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ഏകോപനം നടത്തി പുതിയ സമയ സ്ലോട്ടുകൾ ഉറപ്പാക്കും. ജൂലൈ 21നകം വിപുലീകരണ നിർദേശങ്ങൾ സമർപ്പിക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.