കുവൈത്ത് സിറ്റി – മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-2024) പൊതുബജറ്റില്‍ 160 കോടി ദീനാര്‍ (523 കോടി ഡോളര്‍) കമ്മി രേഖപ്പെടുത്തിയതായി കുവൈത്ത് ധനമന്ത്രാലയം അറിയിച്ചു. തൊട്ടു മുന്‍ വര്‍ഷത്തെ ബജറ്റില്‍ 640 കോടി കുവൈത്തി ദീനാര്‍ മിച്ചം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ പൊതുവരുമാനം 2,364.5 കോടി ദീനാറായി കുറഞ്ഞു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,880.2 കോടി കുവൈത്തി ദീനാറായിരുന്നു. എണ്ണ മേഖലാ വരുമാനം 2,671.3 കോടി ദീനാറില്‍ നിന്ന് 2,152.8 കോടി ദീനാറായി കുറഞ്ഞു. പെട്രോളിതര മേഖലാ വരുമാനത്തില്‍ 1.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര വരുമാനം 210 കോടി ദീനാറായാണ് ഉയര്‍ന്നത്. പൊതുധനവിനിയോഗം 2,520.6 കോടി ദീനാറായി ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷം പൊതുധനവിനിയോഗം 2,237 കോടി ദീനാറായിരുന്നു.
ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി എണ്ണയുല്‍പാദനം കുറക്കാന്‍ നിര്‍ബന്ധിതമായതും ആഗോള വിപണിയിലെ എണ്ണ വിലയിടിച്ചിലും കുവൈത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തില്‍ മന്ദഗതിയിലുള്ള പുരോഗതി മാത്രമാണ് കുവൈത്തിന് കൈവരിക്കാന്‍ സാധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ബാരല്‍ എണ്ണക്ക് ശരാശരി 84.36 ഡോളറായിരുന്നു വില. കുവൈത്തിന്റെ ശരാശരി പ്രതിദിന എണ്ണയുല്‍പാദനം 26.5 ലക്ഷം ബാരലായിരുന്നു.