കുവൈത്ത് സിറ്റി– ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിന്റെ മറവിൽ മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിച്ച സംഘം അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫഹാഹീലിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസ് വിസക്കച്ചവടം നടത്തുന്നതായും മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കാനും അനധികൃത തൊഴിൽ പ്രവണതകൾ തടയാനുമുള്ള ആഭ്യന്തര മന്ത്രാലയ ശ്രമങ്ങളുടെ ഭാഗമായാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് അധികൃതർ റെയ്ഡ് ചെയ്തത്.
വിസ വിൽപന, അനധികൃതമായി വനിതാ ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകൽ, സാമ്പത്തിക ലാഭത്തിനു വേണ്ടി വീട്ടുവേലക്കാരികളെ ചൂഷണം ചെയ്യൽ എന്നിവയിൽ റിക്രൂട്ട്മെന്റ് ഓഫീസിന് പങ്കുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥാപനം റെയ്ഡ് ചെയ്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനു കീഴിലെ ഗാർഹിക തൊഴിലാളി വിഭാഗവുമായി ഏകോപനം നടത്തി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമാനുസൃത അനുമതി നേടി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തുകയുമായിരുന്നു.
റിക്രൂട്ട്മെന്റ് ഓഫീസ് മാനേജർമാരായ ഒമ്പതു പേരും ഏഷ്യൻ വംശജരായ 29 വേലക്കാരികളും റെയ്ഡിനിടെ പിടിയിലായി. ഓഫീസിനു കീഴിലെ താമസസ്ഥലത്താണ് വേലക്കാരികളെ കണ്ടെത്തിയത്. സർക്കാർ ഫീസുകൾക്കു പുറമെ 1,100 കുവൈത്തി ദീനാർ മുതൽ 1,300 കുവൈത്തി ദീനാർ വരെ ഈടാക്കിയാണ് റിക്രൂട്ട്മെന്റ് ഓഫീസ് ഓരോ വിസകളും വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലെ താമസസ്ഥലത്ത് തങ്ങളെ അടച്ചിടുകയായിരുന്നെന്നും ജോലി ചെയ്യാൻ നിർബന്ധിച്ചതായും മോശം പെരുമാറ്റത്തിന് വിധേയരായതായും സ്ഥാപനത്തിൽ നിന്ന് അധികൃതർ രക്ഷിച്ച വനിതാ തൊഴിലാളികൾ പറഞ്ഞു. ഇവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അന്വേഷണ വിധേയമായി മുഴുവൻ പ്രതികളെയും പിന്നീട് 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് മാറ്റി.