കുവൈത്ത് സിറ്റി – കുവൈത്തിൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് അധികൃതർ കുത്തനെ വർധിപ്പിച്ചു. ഡിസംബർ 23 മുതൽ ഇത് പ്രാബല്യത്തിൽവരും. വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച 1999 ലെ ഒന്നാം നമ്പർ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ആരോഗ്യ മന്ത്രാലയം ഇൻഷുറൻസ് ഫീസ് ഉയർത്തിയത്. ഇത് മിക്ക വിഭാഗങ്ങൾക്കും ഇഖാമയും ചില വിസകളും നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് 100 കുവൈത്തി ദീനാർ ആയി ഉയർത്തുകയും ഫീസ് ഏകീരിക്കുകയും ചെയ്യുന്നു. ഇതുവരെ 50 കുവൈത്തി ദീനാറായിരുന്നു ഇൻഷുറൻസ് ഫീസ്.
നവംബറിൽ പ്രസിദ്ധീകരിച്ച വിപുലമായ ഇഖാമ, വിസ ഫീസ് പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇൻഷുറൻസ് ഫീസ് ഉയർത്തിയത്. ആരോഗ്യ ഇൻഷുറൻസിന്റെ തെളിവോ കൺസൾട്ടേഷനുകൾ, ഡയഗ്‌നോസ്റ്റിക്‌സ്, ചികിത്സകൾ, മരുന്നുകൾ എന്നിവ പോലുള്ള അടിസ്ഥാന സേവനങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ/സ്വകാര്യ ആരോഗ്യ ഗ്യാരണ്ടിയോ ഇല്ലാതെ ഇഖാമയും എൻട്രി വിസയും അനുവദിക്കില്ല. കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന 30 ക്ഷത്തിലേറെ പ്രവാസികൾക്ക് ഇത് ബാധകമാണ്.
സർക്കാർ, സ്വകാര്യ മേഖലാ തൊഴിലാളികൾ, വിദേശ നിക്ഷേപകരും പാർട്ണർമാരും, സ്വയം സ്‌പോൺസർ ചെയ്യുന്ന പ്രവാസികൾ, വിദേശ വിദ്യാർഥികൾ, ആശ്രിതർ, മുമ്പ് രേഖകളില്ലാത്ത, പുതിയ ഇഖാമകൾ ലഭിച്ച താമസക്കാർ, വിരമിച്ച വിദേശ സൈനിക ഉദ്യോഗസ്ഥരും വിദേശ രക്തസാക്ഷികളുടെ ആശ്രിതരും, കുവൈത്തികൾ അല്ലാത്തവരും നയതന്ത്രജ്ഞരും സ്‌പോൺസർ ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പുതിയ ഇഖാമക്കും ഇഖാമ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് ഫീസ് ആയി 100 കുവൈത്തി ദീനാർ നൽകണം.
കാർഷിക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഇടയന്മാർ പോലെ താഴ്ന്ന ശ്രേണിയിലുള്ള തൊഴിലാളികൾക്കും കുവൈത്തി കുടുംബത്തിൽ മൂന്നിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്കും പ്രതിവർഷം 10 കുവൈത്തി ദീനാറാണ് ഇൻഷുറൻസ് ഫീസ് ആയി നൽകേണ്ടത്. ട്രാൻസിറ്റ്, എമർജൻസി വിസകൾക്ക് അഞ്ചു കുവൈത്തി ദീനാറാണ് ഹെൽത്ത് ഇൻഷുറൻസ് ഫീസ്.
കുവൈത്തികളുടെ വിദേശികളായ ഭാര്യമാർ, കുവൈത്തികളായ കുട്ടികളുള്ള വിധവകൾ, വിവാഹമോചിതർ, കുവൈത്തി പൗരന്മാരുടെ മാതാപിതാക്കൾ, കുട്ടികൾ, വിദേശികളെ വിവാഹം കഴിച്ച കുവൈത്തി വനിതകളുടെ കുട്ടികൾ, ഒരു കുവൈത്തി കുടുംബത്തിന് മൂന്ന് ഗാർഹിക തൊഴിലാളികൾ വരെ (നാലാമത്തെയും അതിനു മുകളിലുള്ളവർക്കും 10 കുവൈത്തി ദീനാർ), നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, നാല് മാസം വരെ പ്രായമുള്ള വിദേശ നവജാതശിശുക്കൾ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് പുതിയ ഇഖാമക്കും ഇഖാമ പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് ഫീസ് നൽകേണ്ടതില്ല.



