കുവൈത്ത് സിറ്റി – കുവൈത്തിലെ അഹ്‌മദി പ്രദേശത്ത് നിന്ന് കുവൈത്ത് ഓയില്‍ കമ്പനിയുടെ 400 ടണ്‍ കേബിളുകള്‍ മോഷ്ടിച്ച സ്വദേശികളും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും അടങ്ങിയ നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കേബിളുകള്‍ക്ക് 4,20,000 കുവൈത്തി ദീനാര്‍ വിലമതിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘാംഗങ്ങളില്‍ ഒരാള്‍ കമ്പനിയിലെ തന്റെ പദവി മുതലെടുത്ത് കേബിളുകളില്‍ നിന്ന് സീരിയല്‍ നമ്പറുകള്‍ നീക്കം ചെയ്യുകയും അവ നീക്കം ചെയ്യാനായി വ്യാജ രേഖകള്‍ നിര്‍മ്മിക്കുകയും ചെയ്തു. മോഷ്ടിച്ച സാധനങ്ങള്‍ വിപണനം ചെയ്യാന്‍ മറ്റൊരു പ്രതി എന്‍ജിനീയറായി വേഷംമാറി. മൂന്നാമന്‍ കേബിളുകള്‍ വാങ്ങി സുരക്ഷാ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവ വീണ്ടും വില്‍ക്കുകയായിരുന്നെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
ആഭ്യന്തര മന്ത്രാലയം പ്രതികളെ അറസ്റ്റ് ചെയ്തു. തിരച്ചിലില്‍ കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളുടെ കൈവശം 37,000 കുവൈത്തി ദീനാര്‍, സ്വര്‍ണ്ണാഭരണങ്ങള്‍, മോഷ്ടിച്ച കേബിളുകള്‍ വിറ്റതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ വാഹനം എന്നിവ കണ്ടെത്തി. മറ്റൊരു പ്രതിയുടെ പക്കല്‍ 26,210 കുവൈത്തി ദീനാറും 1,000 ഡോളറും കണ്ടെത്തി. കുവൈത്ത് ഓയില്‍ കമ്പനിയുമായി ഏകോപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഏകദേശം 4,20,000 കുവൈത്തി ദീനാര്‍ വിലമതിക്കുന്ന മോഷ്ടിച്ച കേബിളുകള്‍ കസ്റ്റഡിയിലെടുത്തു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. സംഘത്തിന്റെ താവളങ്ങള്‍ റെയ്ഡ് ചെയ്ത് മോഷണ വസ്തുക്കളും പണവും മറ്റും കണ്ടെടുക്കുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു.



