കുവൈത്ത് സിറ്റി – മുന്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ഹമദ് അല്‍സ്വബാഹ് അന്തരിച്ചു. 82 വയസായിരുന്നു. നിരവധി ഔദ്യോഗിക പദവികള്‍ വഹിച്ചാണ് ശൈഖ് ജാബിര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിതനായത്. ഹവലി ഗവര്‍ണറായും അല്‍അഹ്മദി ഗവര്‍ണറായും സേവനമനുഷ്ഠിച്ച ശൈഖ് ജാബിര്‍ സാമൂഹികകാര്യ മന്ത്രിയായും ഇന്‍ഫര്‍മേഷന്‍ മന്ത്രിയായും കുവൈത്ത് അമീറിന്റെ ഓഫീസില്‍ ഉപദേഷ്ടാവായും പിന്നീട് നിയമിക്കപ്പെട്ടു.
2001 ഫെബ്രുവരി 14 ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായി. പിന്നീട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായി നിയമിക്കപ്പെട്ടു. 2006 ജൂലൈ 11 നും 2007 മാര്‍ച്ച് 25 നും നിലവില്‍വന്ന മന്ത്രിസഭകളിലും ഇതേ പദവികളില്‍ വീണ്ടും നിയമിതനായി. പലപദവികള്‍ മാറിമാറി വഹിച്ച് 2011 നവംബര്‍ 30 ന് ആണ് പ്രധാനമന്ത്രിയായി ശൈഖ് ജാബിറിനെ കുവൈത്ത് അമീര്‍ നിയമിച്ചത്. 2012 ജൂലൈയിലും 2016 നവംബറിലും 2017 നവംബറിലും നിലവില്‍വന്ന മന്ത്രിസഭകളിലും പ്രധാനമന്ത്രി പദവിയില്‍ വീണ്ടും നിയമിക്കപ്പെട്ടു.