കുവൈത്ത് സിറ്റി– കുവൈത്തിലെ ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ലക്ഷ്വറി കാറുകള്‍ ഉപയോഗിച്ച് സാഹസികാഭ്യാസ പ്രകടനം നടത്തിയ മലയാളി യുവാക്കള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പൊതുസുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജീവന്‍ അപകടത്തിലാക്കുകയും സ്വത്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്ന ഏതു പെരുമാറ്റങ്ങള്‍ക്കുമെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ കൂട്ടംചേര്‍ന്ന് അപകടകരമായ രീതിയില്‍ കാറോടിച്ച ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പബ്ലിക് റോഡുകളില്‍ ഇവര്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീഡിയോ വൈറലായതിനു പിന്നാലെ ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ജലീബ് അല്‍ശുയൂഖ് ഡിസ്ട്രിക്ട് കമാന്‍ഡില്‍ നിന്നുള്ള സുരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷകള്‍ അവസാനിച്ചത് ആഘോഷിക്കാനാണ് സ്വകാര്യ സ്‌കൂളിനു സമീപം ഒത്തുചേരല്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായി. അഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുത്ത കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ വഴിയാണ് ഡ്രൈവര്‍മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച കാറുകള്‍ വാടകക്കെടുത്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനായി നിയമ ലംഘകരെയും അവരുടെ കാറുകളും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഗതാഗത നിയമ ലംഘനങ്ങളും പൊതുസുരക്ഷാ നിയമ ലംഘനങ്ങളും കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരന്തരം നിരീക്ഷിക്കുമെന്നും നിയമ ലംഘകരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അഭ്യാസ പ്രകടനം വീക്ഷിക്കാന്‍ പ്രവാസി വനിതകള്‍ അടക്കം വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അമിത വേഗതയിലും സാഹസികമായും ഓടിച്ച കാറുകളില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ അടക്കമുള്ളവര്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കാറുകള്‍ക്ക് പുറത്തിട്ടാണ് സഞ്ചരിച്ചിരുന്നത്.



