കുവൈത്ത് സിറ്റി – കുവൈത്തിലെ പ്രശസ്ത മസ്തിഷ്‌ക, നാഡി, നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഹമദ് അല്‍അനസിയെ രോഗിയുടെ വീഡിയോ പുറത്തുവിട്ടതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സസ്‌പെന്റ് ചെയ്തു. നട്ടെല്ലിന് കത്തിക്കുത്തേറ്റ രോഗി ശസ്ത്രക്രിയ നടത്തി ഒരു ദിവസത്തിനു ശേഷം സ്വന്തം കാലുകളില്‍ നടക്കുന്നതിന്റെ വീഡിയോ ആണ് ഡോ. ഹമദ് അല്‍അനസി ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.
27 കാരനായ കുവൈത്തി യുവാവിന് കഴിഞ്ഞ മാസമാണ് കത്തിക്കുത്തില്‍ നട്ടെല്ലിന് പരിക്കേറ്റത്. ഡോ. ഹമദ് അല്‍അനസി യുവാവിന് ഓപ്പറേഷന്‍ നടത്തുകയും പിറ്റേ ദിവസം യുവാവിന് സ്വന്തം കാലില്‍ നടക്കാന്‍ സാധിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഡോക്ടര്‍ പുറത്തുവിട്ടത്.
ആരോഗ്യ മന്ത്രാലയ തീരുമാനത്തെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വിമര്‍ശിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് നിരവധി പേര്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. ഹമദ് അല്‍അനസിയെ ഇവര്‍ പ്രശംസിച്ചു. രോഗിയുടെ രേഖാമൂലമുള്ള സമ്മതത്തോടെയാണ് വീഡിയോ താന്‍ പുറത്തുവിട്ടതെന്ന് ഡോ. ഹമദ് അല്‍അനസി പറഞ്ഞു. വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടാന്‍ യുവാവ് തന്നെയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു.