കുവൈത്ത് സിറ്റി: മുൻ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽസഅദൂൻ കുവൈത്ത് അമീറിനെ അപമാനിച്ചതായും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും ആരോപിച്ച് വനിതാ അഭിഭാഷക തഹാനി സറാബ് കുവൈത്ത് അറ്റോർണി ജനറലിന് പരാതി നൽകി. അബ്ദുല്ല അൽസാലിം പ്രദേശത്ത് “അവർ രാജ്യത്തെ ഹൈജാക്ക് ചെയ്തു, രാജ്യത്തിന്റെ ഐക്യം നശിപ്പിച്ചു” എന്ന ശീർഷകത്തിൽ നടന്ന സിമ്പോസിയത്തിൽ അൽസഅദൂൻ അമീറിനെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതായി വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ, ഈ സിമ്പോസിയം വർഷങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി. കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ ഇതുവരെ പരാതിയിൽ പ്രതികരിച്ചിട്ടില്ല.
ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽമുതൈറും സമാനമായ ആരോപണം നേരിടുന്നുണ്ട്. 2025 ജൂലൈ 1-ന്, അമീറിനെ അപമാനിച്ചെന്ന കുറ്റത്തിന് മുൻ എംപി മുഹമ്മദ് അൽമുതൈറിനെതിരായ രണ്ടാമത്തെ കേസ് വാദം കേൾക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ചീഫ് ജസ്റ്റിസിന് റഫർ ചെയ്തു. ഓഗസ്റ്റ് 7-ന് കേസ് വിചാരണയ്ക്ക് എടുക്കാൻ ക്രിമിനൽ കോടതി തീരുമാനിച്ചു.
അഹ്മദ് അല്‍സഅദൂന്‍ കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കറായിരിക്കെ
2024 മെയ് 10 ന് കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടനയുടെ ചില ആര്‍ട്ടിക്കിളുകള്‍ നാല് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. 1934 നവംബര്‍ 12 ന് ജനിച്ച അഹ്മദ് അബ്ദുല്‍ അസീസ് അല്‍സഅദൂന്‍ കുവൈത്ത് എം.പിമാരില്‍ ഏറ്റവും പ്രമുഖരില്‍ ഒരാളാണ്. 91 വയസ്സുള്ള അഹ്മദ് അല്‍സഅദൂന്‍ അരനൂറ്റാണ്ടിലേറെ കാലമായി രാഷ്ട്രീയ, പാര്‍ലമെന്റേറിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 2023 ജൂണ്‍ 20 മുതല്‍ 2024 ഫെബ്രുവരി 15 വരെ ദേശീയ അസംബ്ലി സ്പീക്കറായി സേവനമനുഷ്ഠിച്ചു. 1999 ജൂലൈ 17 മുതല്‍ 2012 ഒക്ടോബര്‍ ഏഴു വരെ ദേശീയ അസംബ്ലി അംഗവും 1992 ഒക്ടോബര്‍ 20 മുതല്‍ 1999 മെയ് നാലു വരെ സ്പീക്കറുമായിരുന്നു.
അല്‍സഅദൂന്‍ കായികരംഗത്തിലൂടെയാണ് രാഷ്ട്രീയ ലോകത്തേക്ക് പ്രവേശിച്ചത്. 1955 ല്‍ അല്‍നഹ്ദ ക്ലബ്ബ് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചു. അല്‍നഹ്ദ ക്ലബ്ബ് 1964 ല്‍ കാസിമ സ്‌പോര്‍ട്‌സ് ക്ലബ്ബായി മാറി. 1968 മുതല്‍ 1976 വരെ കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും 1974 മുതല്‍ 1982 വരെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
1975 ല്‍ ദേശീയ അസംബ്ലിയില്‍ ആദ്യമായി സീറ്റ് നേടി. ആ വര്‍ഷം മുതല്‍ കുവൈത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അല്‍സഅദൂന്‍ വിജയിച്ചു. 1981 ലെ തെരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ ആദ്യമായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് പിരിച്ചുവിടപ്പെട്ടു. കുവൈത്ത് ഓഹരി വിപണിയുടെ തകര്‍ച്ചക്കും സര്‍ക്കാരിനെതിരെ എംപിമാര്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനും മറുപടിയായായാണ് അന്നത്തെ കുവൈത്ത് അമീര്‍ ദേശീയ അസംബ്ലി പിരിച്ചുവിടുകയും ഭരണഘടനയിലെ ചില ആര്‍ട്ടിക്കിളുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തത്.
വിമോചനത്തിനും ദേശീയ അസംബ്ലിയുടെ പുനഃസ്ഥാപനത്തിനും ശേഷം 1992 ലും 1996 ലും ദേശീയ അസംബ്ലി അംഗവും സ്പീക്കറും എന്ന സ്ഥാനത്തേക്ക് തിരിച്ചെത്തി. 1999 ല്‍, വ്യവസായി ജാസിം അല്‍ഖറാഫി അഹ്മദ് അല്‍സഅദൂനിനെ പരാജയപ്പെടുത്തി 2012 വരെ സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നു. 2012 ല്‍ അല്‍സഅദൂന്‍ സ്പീക്കറായി തിരിച്ചെത്തി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 71 അനുസരിച്ച് മുന്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍സ്വബാഹ് പുറപ്പെടുവിച്ച നിയമ ഭേദഗതിയായ വണ്‍-വോട്ട് ഡിക്രി എന്ന പേരില്‍ അറിയപ്പെട്ട ഒറ്റ വോട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് അഹ്മദ് അല്‍സഅദൂന്‍ 2012 ലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 2022 സെപ്റ്റംബര്‍ 29 ന് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭരണഘടനാ കോടതി അസാധുവാക്കിയ ദേശീയ അസംബ്ലിയുടെ സ്പീക്കറായി മാറുകയും ചെയ്തു. 2023 ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം മണ്ഡലത്തില്‍ മത്സരിച്ച് 6,325 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി വിജയിച്ചു. 2023 ജൂണ്‍ 20 ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ഫെബ്രുവരി 15 ന് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു.
2024 ലെ തെരഞ്ഞെടുപ്പിലും മൂന്നാം മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ച് 5,250 വോട്ടുകള്‍ നേടി അഞ്ചാം സ്ഥാനത്തെത്തി വിജയിച്ചു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളിച്ചില്ല. 2024 മെയ് 10 ന് പാര്‍ലമെന്റ് പിരിച്ചുവിട്ടും ഭരണഘടനയുടെ ചില ആര്‍ട്ടിക്കിളുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചും അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.