കുവൈത്ത് സിറ്റി– ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസിഡന്റ് ശൈഖ് ഹമൂദ് അൽമുബാറക്, ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയ അണ്ടർസെക്രട്ടറി സമീർ കുമാർ എന്നിവരാണ് ഒപ്പുവച്ചത്.
വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുക, സാങ്കേതിക അറിവ് കൈമാറ്റം നടത്തുക, വ്യോമയാന മേഖലയിലെ പുതിയ ആവശ്യങ്ങൾ പരിഹരിക്കുക എന്നിവ പ്രധാന വിഷയങ്ങളായിരുന്നുവെന്ന് ശൈഖ് ഹമൂദ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ വികസിപ്പിക്കാൻ പുതിയ കരാർ സഹായകരമാകും.
വിമാന സർവീസുകൾ വർധിപ്പിക്കൽ, കൂടുതൽ കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര മാനേജ്മെന്റ് രീതികൾ എന്നിവ സംബന്ധിച്ച ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നു.
കുവൈത്ത് എയർവേയ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്‌ദുൽ മുഹ്സിൻ അൽഫഖാൻ, ജസീറ എയർവേയ്‌സ് ചെയർമാൻ മർവാൻ ബുദായ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷ്‌അൽ അൽഷമാലി, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെയും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ ധാരണാപത്രം വഴി സാധ്യതകൾ തുറക്കുമെന്നും ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നു.