കുവൈത്ത് സിറ്റി – പ്രശസ്ത കുവൈത്തി പ്രബോധകൻ താരിഖ് മുഹമ്മദ് അൽസ്വാലിഹ് അൽസുവൈദാന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസുഫ് അൽസ്വബാഹ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയുടെ അംഗീകാരത്തോടെ അൽസുവൈദാന്റെ പൗരത്വം പിൻവലിക്കാനുള്ള ഉത്തരവിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽസ്വബാഹ് ഒപ്പുവെച്ചു. ഈ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. താരിഖ് അൽസുവൈദാന് പൗരത്വം ലഭിച്ചതിന്റെ ഫലമായി പൗരത്വം ലഭിച്ച ഭാര്യയും മക്കളും പേരമക്കളും അടക്കമുള്ള മുഴുവൻ ആശ്രിതരുടെയും പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. താരിഖ് അൽസുവൈദാനു പുറമെ മറ്റു 23 പേരുടെയും ഇവരുടെ ആശ്രിതരുടെയും പൗരത്വങ്ങളും പിൻവലിച്ചിട്ടുണ്ട്.
വ്യാജ വിവരങ്ങളും രേഖകളും സമർപ്പിച്ചും വളഞ്ഞ വഴികളിലൂടെയും കുവൈത്ത് പൗരത്വം സമ്പാദിച്ച പതിനായിരക്കണക്കിനാളുകളുടെ പൗരത്വം സമീപ മാസങ്ങളിൽ കുവൈത്ത് റദ്ദാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും സുരക്ഷാ, സൈനിക ഉദ്യോഗസ്ഥരും അധ്യാപകരും ഗായകരും നടീനടന്മാരും പൗരത്വം റദ്ദാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അനധികൃതമായി കുവൈത്ത് പൗരത്വം നേടിയവരുടെ ഫയലുകൾ പരിശോധിച്ച് ഇത്തരം കേസുകൾ കണ്ടെത്തി പൗരത്വം റദ്ദാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ ഉന്നതതല കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്.



