കുവൈത്ത് സിറ്റി : കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് നിശ്ചയിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫുഡ് അതോറിറ്റി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായി റെസ്റ്റോറന്റ്,കഫേ സ്ഥാപനങ്ങളെ നിർബന്ധിതരാക്കാനുള്ള സംവിധാനം സ്ഥാപിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ദേശീയ ഫണ്ട് അധികൃതർ മുനിസിപ്പൽ അധികൃതരോട് അഭ്യർഥിച്ചിരുന്നു..
ഇതിന് പുറമെ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ-അലി മുനിസിപ്പൽ അധികൃതർക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുനിസിപ്പൽ കൗൺസിലിൻ്റെ സാങ്കേതിക സമിതി ഇന്ന് യോഗം ചേരുന്നത്. തീരുമാനം നടപ്പിലാക്കുന്നതോടെ രാജ്യത്തെ റെസ്റ്റോറന്റുകളിലും കഫെകളിലും വിൽക്കുന്ന എല്ലാ ഭക്ഷ്യ പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കാലോറിയുടെ അളവ് വിലക്കൊപ്പം പ്രദർശിപ്പിക്കേണ്ടി വരും.