കുവൈത്ത് സിറ്റി – 1990 കുവൈത്ത് അധിനിവേശത്തിനു പിന്നാലെ ഇറാഖ് അനുകൂല കുവൈത്തി മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ നിയമിച്ച കുവൈത്തി സൈനിക ഉദ്യോഗസ്ഥന്‍ അലാ ഹുസൈന്റെ കുവൈത്ത് പൗരത്വം കുവൈത്ത് ഇന്ന് റദ്ദാക്കി. അലാ ഹുസൈന്‍ അലി അല്‍ഖഫാജി അല്‍ജബറിന്റെയും മുഹമ്മദ് ഹമദ് ഫഹദ് അല്‍ജുവൈഇദിന്റെയും പൗരത്വം റദ്ദാക്കി അധികൃതര്‍ ഉത്തരവിറക്കി. കുവൈത്തുമായി യുദ്ധത്തിലേര്‍പ്പെടുകയോ കുവൈത്ത് നയതന്ത്രബന്ധം വിച്ഛേദിക്കുകയോ ചെയ്ത വിദേശ രാജ്യത്തിന്റെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചതായി തെളിയുന്നവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാന്‍ പൗരത്വ നിയമത്തിലെ പതിനാലാം വകുപ്പിലെ രണ്ടാം ഖണ്ഡിക അനുശാസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പൗരത്വം റദ്ദാക്കിയത്.
ഇറാഖിന്റെ കുവൈത്ത് യുദ്ധത്തിനു ശേഷം സദ്ദാം ഭരണകൂടം നിയമിച്ച താല്‍ക്കാലിക കുവൈത്തി മന്ത്രിസഭയില്‍ പ്രധാനമന്ത്രിയായിരുന്നു കുവൈത്ത് സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥനായ അലാ ഹുസൈന്‍. 1993 ല്‍ ദേശദ്രോഹ കേസില്‍ അലാ ഹുസൈന്റെ അഭാവത്തില്‍ ഇദ്ദേഹത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. യുദ്ധകാലത്ത് ശത്രുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തല്‍, രാജ്യദ്രോഹം എന്നീ ആരോപണങ്ങളില്‍ മേല്‍കോടതി പിന്നീട് വധശിക്ഷ ജീവപര്യന്തമായി ലഘൂകരിച്ചു. അലാ ഹുസൈന്‍ ഇപ്പോള്‍ കുവൈത്ത് ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.
കുവൈത്ത് സൈന്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ഹമദ് അല്‍ജുവൈഇദ് ഇറാഖിന്റെ കുവൈത്ത് യുദ്ധത്തിനിടെ സദ്ദാം ഭരണകൂടവുമായി സഹകരിക്കുകയും രാജ്യത്തെ സുരക്ഷാ വിവരങ്ങള്‍ ഇറാഖ് ഭരണകൂടത്തിന് ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. ഇറാഖുമായി സഹകരിക്കുന്ന ചാരശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ച മുഹമ്മദ് ഹമദ് അല്‍ജുവൈഇദിനെ 2003 ല്‍ ആണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.