കുവൈത്ത് സിറ്റി – കുവൈത്തില്‍ ആറംഗ മനുഷ്യക്കടത്ത് സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ നാലു യുവതികളും അറസ്റ്റിലായവരിലുണ്ട്. മനുഷ്യക്കടത്ത് കുറ്റം ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ രഹസ്യ തടങ്കല്‍ കേന്ദ്രങ്ങളിലൊന്ന് നടത്തിയിരുന്ന ക്രിമിനല്‍ സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളെ തടവിലാക്കി ചൂഷണം ചെയ്തുവന്ന സംഘത്തിന്റെ ഫഹാഹീലിലെ ഒളിത്താവളം സുരക്ഷാ വകുപ്പുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. ഇവർ താമസസ്ഥലത്തെ നിയമവിരുദ്ധ ജയിലാക്കി മാറ്റിയതായി അന്വേഷണങ്ങളില്‍ കണ്ടെത്തി. ഇരകളെ ഇരുമ്പ് വാതിലുകളടക്കം കര്‍ശന സുരക്ഷയുള്ള മുറികളില്‍ പൂട്ടിയിട്ട ശേഷം അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. കര്‍ശനമായ മേല്‍നോട്ടത്തില്‍ മാത്രമേ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ അവരെ അനുവദിച്ചിരുന്നുള്ളൂ.
തൊഴിലാളികളുടെ വീഡിയോകൾ ചിത്രീകരിച്ച് ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിര്‍ബന്ധിത ജോലിയിലേക്കും അനുസരണയിലേക്കും പ്രതികൾ പ്രേരിപ്പിച്ചു. പീഡിപ്പിക്കുന്ന തൊഴിലുടമകളില്‍ നിന്ന് രക്ഷപ്പെടുന്ന പ്രവാസികളെ സുരക്ഷിത താവളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘം തങ്ങളുടെ വലയിലാക്കിയിരുന്നത്. പിന്നീട് താമസവും നിര്‍ബന്ധിത ജോലിയും സംബന്ധിച്ച് അവര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. റെയ്ഡിനിടെ, 19 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടെ 25 ഇരകളെ അധികൃതര്‍ രക്ഷപ്പെടുത്തി. അവരില്‍ ഒരാള്‍ 2014 മുതല്‍ തടങ്കലില്‍ ആയിരുന്നു. ആധുനിക അടിമത്തത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായ വിജയമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.



