കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ത്രീ ശാക്തീകരണം വർധിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പെന്നോണം വനിതകൾക്ക് സൈനിക സേവനത്തിൽ ചേരാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.
രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിച്ച് മൂന്ന് ദിവസം തുടരുമെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു. അപേക്ഷകർക്കുള്ള മിനിമം യോഗ്യത 11-ാം ക്ലാസ് സർട്ടിഫിക്കറ്റ് ആണ്.
സ്വയംസേവനത്തിൽ താൽപര്യമുള്ള കുവൈത്തി വനിതകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് സൈന്യം ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മൂന്നു മാസത്തെ പരിശീലനം നൽകും. പരിശീലന കാലത്ത് രാത്രി താമസം ഉണ്ടാകില്ല.
സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ മാസം മുതിർന്ന കുവൈത്ത് സൈനിക കമാൻഡർ പറഞ്ഞിരുന്നു. കുവൈത്ത് സൈന്യത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആധുനികവൽക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമാണ് ഈ നടപടിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സ്വബാഹ് ജാബിർ അൽഅഹ്മദ് ഈ സംരംഭത്തെ കുറിച്ച് ചർച്ച ചെയ്യാനായി മുതിർന്ന കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

വിവിധ സൈനിക മേഖലകളിലേക്ക് കുവൈത്തി വനിതകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഗുണപരമായ സംഭാവനകളെ മേജർ ജനറൽ സ്വബാഹ് ജാബിർ അൽഅഹ്മദ് പ്രശംസിച്ചു. സ്ത്രീകളെ വ്യത്യസ്ത സൈനിക റാങ്കുകളിലേക്ക് സംയോജിപ്പിക്കുന്നതിന്റെ നിയമപരവും ഭരണപരവുമായ വശങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. കർത്തവ്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ അവരെ സഹായിക്കുന്നതിന് പിന്തുണ നൽകുന്ന തൊഴിൽ അന്തരീക്ഷം നൽകേണ്ടതിന്റെ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞതായി സൈന്യം വ്യക്തമാക്കി.
2021-ൽ അന്നത്തെ പ്രതിരോധ മന്ത്രി ഹമദ് ജാബിർ അൽസ്വബാഹ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കുവൈത്തി വനിതകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് തുടക്കത്തിൽ മെഡിക്കൽ, സപ്പോർട്ട് സേവനങ്ങളിലെ സിവിലിയൻ തസ്തികകളിൽ മാത്രമായി വനിതാ പങ്കാളിത്തം പരിമിതപ്പെടുത്തുകയായിരുന്നു.