കുവൈത്ത് സിറ്റി– സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്. സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് ആറ് മാസം വരെ തടവും 200,000 കെഡി ( 57,391,221 രൂപ) പിഴയും ചുമത്തുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) മുന്നറിയിപ്പ് നൽകി. കുവൈത്തിലെ കടലുകൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും ഇപിഎ വ്യക്തമാക്കി. മനഃപൂർവ്വം കടൽജലം മലിനമാക്കുന്നവർക്കെതിരെ കർശനമായ ശിക്ഷകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
സമുദ്രമേഖലകളിലേക്ക് മാലിന്യം പുറന്തള്ളുന്നവർക്കെതിരെ ഉറവിടം, കാരണം, മാലിന്യത്തിന്റെ അളവ് ഒന്നും കണക്കിലെടുക്കാതെ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. തടവോ കനത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 ഉദ്ധരിച്ചാണ് അതോറിറ്റി പ്രസ്താവനയിൽ ഇക്കാര്യം പറഞ്ഞത്.