കുവൈത്ത് സിറ്റി– കുവൈത്തിലെ 1984-ലെ 51-ാം നമ്പർ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതികൾ കുടുംബകാര്യ വ്യക്തിഗത നിയമ അവലോകന സമിതി പൂർത്തിയാക്കി. 13 സർക്കാർ ഏജൻസികളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കരട് നിയമം സമർപ്പിച്ചു. ജീവനാംശം, വിവാഹ സമ്മതം, സ്ത്രീധനം, ഖുൽ വഴിയുള്ള വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സന്ദർശന അവകാശങ്ങൾ, രാത്രി താമസം തുടങ്ങിയ വിഷയങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീയുടെ വ്യക്തമായ സമ്മതം ഇല്ലാതെ നടക്കുന്ന വിവാഹം അസാധുവാണെന്നും, സമ്മതം നൽകുന്ന പക്ഷം വിവാഹ കരാറിൽ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്താൻ അവൾക്ക് അവകാശമുണ്ടെന്നും കരട് വ്യക്തമാക്കുന്നു. ജീവനാംശം നിശ്ചയിക്കുന്നത് ആവശ്യം, ജീവിതച്ചെലവ്, പണമടയ്ക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി, സമയം, സ്ഥലം, ആചാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്.
‘ഖുൽ’ വിവാഹമോചനം വഴി, ഭർത്താവുമായി അനുരഞ്ജനം അസാധ്യമാണെങ്കിൽ, വിവാഹച്ചെലവുകൾ തിരികെ നൽകി വിവാഹം റദ്ദാക്കാൻ ഭാര്യക്ക് അനുമതി നൽകുന്നു. സ്ത്രീധനം ഭർത്താവ് തിരികെ നൽകാത്ത പക്ഷം, വിവാഹം അസാധുവാക്കാൻ ഭാര്യക്ക് അപേക്ഷിക്കാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.