കുവൈത്ത് സിറ്റി – അപകീര്‍ത്തി കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് അല്‍ജുവൈഹിലിനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് 10,000 കുവൈത്തി ദീനാര്‍ (32,600 അമേരിക്കന്‍ ഡോളര്‍) പിഴ ചുമത്തിയിട്ടുമുണ്ട്. അല്അജ്മാന് ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് മുന്‍ എം.പിയെ കോടതി ശിക്ഷിച്ചത്. അപകീര്‍ത്തി കേസില്‍ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പുതിയ കേസ് ഫയല്‍ തുറക്കാന്‍ മുഹമ്മദ് അല്ജുവൈഹിലിനെതിരായ കേസ് ഫയലിന്റെ കോപ്പി പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
അല്അജ്മാന് ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അല്‍ജുവൈഹിലിനെ നേരത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
തെറിവിളിച്ച കേസുകളില്‍ നേരത്തെയും ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചിരുന്നു. മുന്‍ എം.പി ദൈഫുല്ല അബൂറമിയയെ തെറിവിളിച്ച കേസില്‍ 2012 ല്‍ അല്‍ജുവൈഹിലിനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു.
ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ അപമാനിച്ച കേസില്‍ അതേ വര്‍ഷം ക്രിമിനല്‍ കോടതി അല്ജുവൈഹിലിന് ഒരു വര്‍ഷം തടവും 500 ദീനാര്‍ പിഴയും വിധിച്ചു. മുന്‍ എം.പിയെ കാര്‍ക്കിച്ചു തുപ്പിയ കേസില്‍ 2013 ല്‍ ഒരു മാസം തടവിനും ശിക്ഷിച്ചു. മുതൈര്‍ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അതേ വര്‍ഷം എട്ടു മാസം തടവിനും മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി ശിക്ഷിച്ചിരുന്നു.