കുവൈത്ത് സിറ്റി– മുസ്ലിം ഇതര ആരാധനാലയങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ചട്ടങ്ങൾ പാലിച്ച് സമൂഹത്തെ സേവിക്കുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇപ്പോൾ ചില ചർച്ചുകൾക്ക് മാത്രമാണ് ലൈസൻസ് ഉള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ സഭകൾ നാഷനൽ ഇവാൻജലിക്കൽ ചർച്ചുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇനി ഓരോ സഭയ്ക്കും പ്രത്യേകം ലൈസൻസ് ലഭിക്കുന്നതായിരിക്കും.
മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, രാജ്യാന്തര നിലപാട് ശക്തിപ്പെടുത്തുക, മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കുക എന്നിവയാണ് മുസ്ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്.