കുവൈത്ത് സിറ്റി– ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി അടിയന്തര മാനുഷിക കാമ്പെയ്‌ൻ ആരംഭിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, നിരവധി പ്രാദേശിക ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പെയ്‌ൻ ആരംഭിച്ചത്.
ഗാസയിലെ ദുരിതബാധിത കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് ധാന്യപ്പൊടിയും മറ്റ് അടിസ്ഥാന വസ്തുക്കളും എത്തിക്കുക എന്നതാണ് കാമ്പെയ്‌ൻ വഴി ലക്ഷ്യമിടുന്നത്. സമർപ്പിത ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ആളുകൾക്ക് സംഭാവന നൽകാം.
ഇതുവരെ കാമ്പെയ്‌ൻ വഴി ഏകദേശം 28 കോടിയിലധികം രൂപയാണ് ലഭിച്ചത്. കുവൈത്ത് ഫ്ലോർ മിൽസിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സംഭാവനകളും സ്വീകരിക്കുന്നുണ്ട്. ഈജിപ്ത്, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ഏജൻസികൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മേൽനോട്ടം വഹിക്കും.