കുവൈത്ത് സിറ്റി – ലെബനോനിലെ ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായ അല്‍ഖര്‍ദ് അല്‍ഹന്‍ അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത് വിദേശ മന്ത്രാലയം. യുഎൻ സുരക്ഷാ കൗൺസിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് കുവൈത്ത് സർക്കാർ ലെബനൻ, തനീഷ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യക്തികൾക്ക് ഉപരോധം ഏർപ്പെടുത്തി. ഇതിൽ ലെബനൻ പൗരനായ ആദേൽ മൻസൂർ, AQAH ന്റെ നേതാവാണ്. അദ്ദേഹത്തിന്റെ സ്വത്തുക്കളും മരവിപ്പിച്ചു.
കുവൈത്തിലെ എല്ലാ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഉള്ള സഹകരണം ഉടൻ അവസാനിപ്പിക്കണമെന്നും എല്ലാ ഫണ്ടുകളും ആസ്തികളും മരവിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ലെബനനും കുവൈത്തും തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഏഴ് ലെബനീസ് വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി.
ഹിസ്ബുല്ലയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള AQAH അല്ലെങ്കിൽ ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്കുകളെയും ബ്രോക്കറേജുകളെയും ലെബനന്റെ കേന്ദ്ര ബാങ്ക് വിലക്കിയിരുന്നു. കുവൈത്തിൽ ഹിസ്ബുല്ലയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 വ്യക്തികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.