കുവൈത്ത് സിറ്റി – 1982 ല്‍ പാരീസിലെ ഇസ്രായിലി റെസ്റ്റോറന്റില്‍ ഉണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫ്രഞ്ച് സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന കുവൈത്ത് നിവാസിയെ കൈമാറാനും അന്താരാഷ്ട്ര നിയമ നടപടി സ്വീകരിക്കാനുമുള്ള അപേക്ഷ ജഡ്ജി ഡോ. ഖാലിദ് അല്‍അമീറ അധ്യക്ഷനായ ക്രിമിനല്‍ കോടതി നിരാകരിച്ചു.
അഭിഭാഷകന്‍ അബ്ദുല്‍മുഹ്‌സിന്‍ അല്‍ഖത്താനാണ് കുവൈത്ത് നിവാസിയെ കോടതിയില്‍ പ്രതിനിധീകരിച്ചത്. തന്റെ കക്ഷിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കീഴടങ്ങാനുള്ള നിയമപരമായ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിലേക്ക് കൈമാറല്‍ നടപടികള്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ആരോപണങ്ങളുടെ മെറിറ്റ് വിലയിരുത്തുന്നില്ലെന്നും അഭിഭാഷകന്‍ അവതരിപ്പിച്ച വാദങ്ങളെ തുടര്‍ന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പീഡനം, മനുഷ്യത്വരഹിതമായ പെരുമാറ്റം, ക്രൂരമായതോ അനുപാതമില്ലാത്തതോ ആയ ശിക്ഷ എന്നിവക്ക് സാധ്യതയുണ്ടെങ്കിലും ന്യായമായ വിചാരണയുടെ ഉറപ്പുകള്‍ ഇല്ലെങ്കിലും ഒരാളെ കൈമാറുന്നത് വിലക്കുന്ന അന്താരാഷ്ട്ര സഹകരണ നിയമം നമ്പര്‍ 79/2025 ലെ ആര്‍ട്ടിക്കിള്‍ 5, ഖണ്ഡിക 10 എന്നിവ പ്രതിഭാഗം ഉദ്ധരിച്ചു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളില്‍ ഈ നിയമം ഭൂതകാലാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്ന് അബ്ദുല്‍മുഹ്‌സിന്‍ അല്‍ഖത്താന്‍ വാദിച്ചു. സ്വായത്തമാക്കിയ അവകാശങ്ങളുടെ സംരക്ഷണത്തെ ശക്തിപ്പെടുത്തുകയും നീതിയുടെ തത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമ തത്വങ്ങള്‍, ഫ്രഞ്ച് നിയമനിര്‍മ്മാണം, സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, ജനീവ കണ്‍വെന്‍ഷനുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ വാദം ഉന്നയിച്ചത്. കൊലപാതകത്തിലും കൊലപാതകശ്രമത്തിലും പങ്കാളിത്തം, പൊതു ക്രമം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പുള്ള ലോജിസ്റ്റിക്കല്‍, രഹസ്യാന്വേഷണ പങ്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിയെ ഫ്രാന്‍സിന് കൈമാറണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.



