കുവൈത്ത് സിറ്റി– ടെലികമ്മ്യൂണിക്കേഷൻ, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ എസ്.ടി.സിയും കരാറിൽ ഒപ്പുവെച്ചു.
പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ കരാർ എന്ന് കുവൈത്ത് എയർവേയ്‌സ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ അൽ ഫഗാൻ വ്യക്തമാക്കി. വ്യോമഗതാഗതം, വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കരാർ സാങ്കേതിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനത്തിനും ആധുനിക ആശയവിനിമയ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും വഴിയൊരുക്കുന്നു. കുവൈത്ത് എയർവേയ്‌സ് ജീവനക്കാർക്ക് പ്രവർത്തനക്ഷമതയും സേവനനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികളും കരാറിൽ ഉൾപ്പെടുന്നു.
ഇരു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടാതെ, എയർലൈനിന്റെ ഒയാസിസ് ക്ലബ് കാർഡ് എസ്.ടി.സി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഈ കരാർ കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ വേഗം നൽകുന്നതാണെന്ന് എസ്.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൊആതാസ് അൽ ദറാബ് അഭിപ്രായപ്പെട്ടു.