റിയാദ്– മലപ്പുറത്തും കോട്ടയത്തും പ്രത്യേക സമുദായങ്ങള്‍ക്ക് നേരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസും പരാതി നല്‍കട്ടെയെന്ന് കെ.ടി ജലീല്‍ എംഎല്‍എ. അപ്പോൾ അതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ജലീൽ പറഞ്ഞു. റിയാദില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ പരിപാടിക്കെത്തിയ കെ.ടി ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. എഡിജിപി അജിത് കുമാറിനെതിരെ വിജിലന്‍സ് കോടതിയുടെ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹൈപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ എവിടെ നിന്നോ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമേ അതേ കുറിച്ച് എന്തെങ്കിലും പറയാനാവുകയുള്ളൂവെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.
“വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കുന്നില്ല. മലപ്പുറത്തും കോട്ടയത്തും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസുമാണ് പരാതി നല്‍കേണ്ടത്. വര്‍ഗീയതെ ഇടതുപക്ഷം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആര്‍എസ്എസിനോടും ബിജെപിയോടും പ്രത്യയ ശാസ്ത്രപരമായി വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ ഇടത് പക്ഷത്തിനേ കഴിയൂ. ബിജെപി മുന്നോട്ടുവെക്കുന്ന അജണ്ടകള്‍ക്ക് ബദലാകുവാന്‍ പലപ്പോഴും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. എണ്ണത്തില്‍ കുറവാണെങ്കിലും പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ബദലായി മാറിയിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ഒന്ന് മറ്റൊന്നിനെ പാലൂട്ടുകയാണ്” കെ ടി ജലീൽ പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയെ ത്രസിപ്പിക്കും വിധം ന്യൂനപക്ഷ വർഗീയതക്ക് ആക്കം കൂട്ടാന്‍ ചില ഛിദ്രശക്തികള്‍ ശ്രമിക്കുന്നുവെന്നത് നാം കാണാതിരിക്കരുത്. എല്ലാ വര്‍ഗിയതകളോടും ഒരേ സമീപനം സ്വീകരിച്ചു പോകാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമേ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാണ്. ജനാധിപത്യത്തിന്റെ തകര്‍ച്ച രാജ്യത്തെ പ്രതികൂലമായി ബാധിക്കും. വോട്ടര്‍മാരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്ന പ്രവണത ദുസ്സൂചനയാണ് നല്‍കുന്നത്. എന്‍ആര്‍സിയുടെ ആരംഭ ഘട്ടം തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുകയാണ് ബിജെപി. ഈ അനിശ്ചിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിന് ഇടത് കക്ഷികള്‍ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് മറ്റു പാര്‍ട്ടികളോട് സഹകരിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇടത് പക്ഷം എല്ലാ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞത് നിലവിലെ എംഎല്‍എമാര്‍ ആ നിലപാട് സ്വീകരിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറക്ക് എല്ലാവരും വഴിമാറിക്കൊടുക്കണം. ലീഗിനെതിരെ കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്നത് പാര്‍ട്ടി നന്നാവാനാണ്. എന്നാല്‍ അത് നന്നാവുന്ന പ്രശ്‌നമുദിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
റിയാദ്, ദമാം, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ പ്രവാസികളെ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇത്തരം കറക്കുകമ്പനികളുടെ കെണിയില്‍ ആരും വീണു പോകരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.