റിയാദ്– അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുണ്ടക്കയം പുഞ്ചവയല്‍ നഗര്‍ ഇടപ്പള്ളില്‍ വെസ്‌ലി ജോണ്‍സണ്‍ എന്ന ജോമോന്‍ (33) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. ജോലിയുടെ ഭാഗമായി വെസ്‌ലി അല്‍ഹസയിലേക്ക് പോയപ്പോള്‍ ഇദ്ദേഹം ഓടിച്ചിരുന്ന മിനിട്രക്ക് ട്രെയ്‌ലറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മിനി ട്രക്കിന്റെ ഡ്രൈവര്‍ കാബിന്‍ പാടെ തകര്‍ന്നുപോയി. രണ്ട് വര്‍ഷം മുമ്പാണ് വെസ്ലി സൗദിയിലെത്തിയത്. അവിവാഹിതനാണ്. വിവാഹത്തിന് ജനുവരിയില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചതായിരുന്നു. മൃതദേഹം ബുധനാഴ്ച എയര്‍ഇന്ത്യയില്‍ നാട്ടിലേക്ക് കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ജോണ്‍സണ്‍ ആണ് പിതാവ്. ജെസ്സി മാതാവ്. ടി.എസ്. രേഷ്മ ഏക സഹോദരി. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, പ്രസാദ് അല്‍ഹസ, ബശീര്‍ സാപ്റ്റ്‌കോ തുടങ്ങിയവരാണ് പൂര്‍ത്തിയാക്കിയത്.



