ദോഹ– കേരള പിറവി ദിനം വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഐസിസി മലയാളം ലിറ്ററേച്ചർ ക്ലബ്ബിന്റെയും ഐസിസി രജിസ്റ്റർ ചെയ്ത മലയാളി സംഘടനകളുടെയും സഹകരണത്തോടെയാണ് ആഘോഷ പരിപാടി ഒരുക്കുന്നത്. നവംബർ 1 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഐസിസി അശോക ഹാളിൽ നടക്കുന്ന പരിപാടി കേരള സംസ്ഥാന രൂപീകരണത്തെ അനുസ്മരിക്കുകയും അതിന്റെ ഉജ്വലമായ പാരമ്പര്യങ്ങൾ, കല, സംസ്കാരം എന്നിവ വരച്ചുകാണിക്കുന്നതായിരിക്കുമെന്നും ഐ സി സി പ്രസിഡന്റ് എ .പി മണികണ്ഠൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചെണ്ടമേളം, കേരളത്തിന്റെ സൗന്ദര്യവും ചൈതന്യവും പ്രതിഫലിപ്പിക്കുന്ന മറ്റ് പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ നടക്കും. കേരളത്തിന്റെ യഥാർത്ഥ രുചികൾ പകർത്തുന്ന കേരള ഭക്ഷ്യമേളയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മയാണ് പരിപാടിയുടെ മുഖ്യാതിഥി. എടക്ക വായിക്കുന്നതിൽ പ്രശസ്തനായ താളവാദ്യ വിദഗ്ദ്ധനായ ഡോ. തൃശൂർ കൃഷ്ണകുമാർ സോപാന സംഗീതം അവതരിപ്പിക്കും . കർണാടക ഗായകൻ, സംഗീത അധ്യാപകൻ തുടങ്ങിയ മറ്റ് സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും. കൂടാതെ മലയാളി സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സ്റ്റേജിൽ എത്തും. ചടങ്ങിൽ ഖത്തറിലെ ഓരോ സ്കൂളിലെയും മലയാളം വിഭാഗം മേധാവികളെ ഐസിസി ആദരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക മത്സരങ്ങളും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പ്രമേയമുള്ള റീൽസ് നിർമ്മാണ മത്സരം, കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം.
ഐസിസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 52 മലയാളി അസോസിയേഷനുകളുടെ പൂർണ്ണ പിന്തുണയോടെയും സജീവ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ആഘോഷം അവിസ്മരണീയമാക്കാൻ ഇന്ത്യൻ കൾച്ചറൽ സെന്റർ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഈ മഹത്തായ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ഐസിസി സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു .
ഐസിസിയിൽ നിന്നുള്ള പത്രസമ്മേളനത്തിൽ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിസി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബു രാജൻ, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗണി, രവീന്ദ്ര പ്രസാദ്, വെങ്കപ്പ ഭാഗവതുല, അഫ്സൽ അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.



