അറബ്‌കോ, സ്റ്റാര്‍ റിയാദ്, മംഗളൂര്‍, ശക്കര്‍ഘര്‍ വിജയികള്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സില്‍വര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2026’ന് സുലൈ അറബ്‌കോ ഗ്രൗണ്ടില്‍ ആവേശകരമായ തുടക്കം. ആദ്യദിനം നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ അറബ്‌കോയും മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജുബൈലും രണ്ട് മത്സരങ്ങളില്‍ വീതം വിജയിച്ചപ്പോള്‍, സ്റ്റാര്‍ റിയാദും ശക്കര്‍ഘറും ഓരോ മത്സരങ്ങളില്‍ വിജയം നേടി. വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ സില്‍വര്‍ ജൂബിലി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ദീഖ് അധ്യക്ഷനായി. പെര്‍ഫക്ട് പ്യൂരിറ്റി മാര്‍ക്കറ്റിങ് മാനേജര്‍ സഹീര്‍ അലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സീബാ കൂവോട്, അറബ്‌കോ മാനേജിങ് ഡയറക്ടര്‍ രാമചന്ദ്രന്‍, അറബ്‌കോ മാനേജര്‍ സാലിം അല്‍ അംരി, കേളി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ട്രഷറര്‍ മധു ബാലുശ്ശേരി, കേളി സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീം മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തില്‍ അറബ്‌കോ ലോജസ്റ്റിക് 25-20, 27-25 എന്ന സ്‌കോറിന് റിബല്‍സ് റിയാദിനെ പരാജയപ്പെടുത്തി. റിബല്‍സായിരുന്നു ആദ്യ സര്‍വ് എടുത്തത്. രണ്ടാം മത്സരത്തില്‍ സ്റ്റാര്‍ റിയാദ് 29-27, 24-26, 16-14 എന്ന ആവേശകരമായ സ്‌കോറിന് വോളി ഫ്രണ്ട്ന്‍സ് റിയാദിനെ കീഴടക്കി.
മൂന്നാം മത്സരത്തില്‍ അറബ്‌കോയുടെ മികച്ച പ്രകടനം തുടര്‍ന്നു. 25-20, 25-12 എന്ന സ്‌കോറിന് ശക്കര്‍ഘറിനെ പരാജയപ്പെടുത്തി അറബ്‌കോ രണ്ടാം ജയം സ്വന്തമാക്കി.
നാലാം മത്സരത്തില്‍ മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജുബൈല്‍ 25-19, 28-26 എന്ന സ്‌കോറിന് സ്റ്റാര്‍ റിയാദിനെ തോല്‍പ്പിച്ചു. അഞ്ചാം മത്സരത്തില്‍ ശക്കര്‍ഘര്‍ 25-13, 16-25, 15-12 എന്ന സ്‌കോറിന് റിബല്‍സ് റിയാദിനെ പരാജയപ്പെടുത്തി.
ആറാം മത്സരത്തില്‍ മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജുബൈല്‍ 25-18, 25-15 എന്ന സ്‌കോറിന് വോളി ഫ്രണ്ട്ന്‍സിനെ തോല്‍പ്പിച്ചു.
ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തോലുള്ള റഫറി പാനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ആദ്യദിനത്തിലെ മത്സരങ്ങള്‍ക്ക് പിന്നാലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് വേദിയൊരുങ്ങി. ആദ്യ സെമിയില്‍ മംഗളൂര്‍ സ്‌പോര്‍ട്‌സ് ക്ലബ് ജുബൈല്‍ ശക്കര്‍ഘറിനെയും രണ്ടാം സെമിയില്‍ സ്റ്റാര്‍ റിയാദ് അറബ്‌കോ ലോജസ്റ്റിക്കിനെയും നേരിടും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ഫൈനലും നടക്കും.
റിയാദിലെ പ്രമുഖ ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ സൗദിയുട വിവിധ ഭാഗങ്ങളില്‍ നിന്നും, സൗദിക്ക് പുറത്തു നിന്നും മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കായിക ആവേശം പകരുന്നതിനൊപ്പം പ്രവാസി സമൂഹത്തിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുള്ള വേദി കൂടിയായി ടൂര്‍ണമെന്റ് മാറുകയാണ്. റിയാദിലെ കായികപ്രേമികളുടെ സാന്നിധ്യം മത്സരങ്ങള്‍ ആവേശഭരിതമായി.







