റിയാദ്– റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ഹരിത കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “റിയാദിയൻസിന് കണ്ണൂരിന്റെ സംസ്കാരവും രുചിയും സ്വരവും” എന്ന ആശയവുമായി കണ്ണൂർ ഫെസ്റ്റ് 2025 മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി.
കണ്ണൂർ ജില്ലാ കെ.എം.സി.സി.യുടെ ഒരു വർഷം നീണ്ടുനിന്ന തസ്‌വീദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ഈ മഹോത്സവം. കണ്ണൂരിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രശസ്ത മാപ്പിളപ്പാട്ട് പിന്നണി ഗായകൻ കണ്ണൂർ ശരീഫ്, കണ്ണൂർ മമ്മാലി, ബെൻസിറ റഷീദ് എന്നിവർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിച്ച സംഗീത നിശ പ്രേക്ഷകഹൃദയം കീഴടക്കി. അതോടൊപ്പം ഒപ്പന, കോൽക്കളി, കളരിപ്പയറ്റ്, മുട്ടിപ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങേറി.


സ്ത്രീകൾക്കായി സംഘടിപ്പിച്ച ഫ്യൂഷൻ സ്നാക്ക് മത്സരം, മെഹന്തി ഫെസ്റ്റ് തുടങ്ങിയ മത്സരങ്ങൾ വലിയ സാന്നിധ്യത്തോടെ നടന്നു. ഫ്യൂഷൻ സ്നാക്ക് മത്സരത്തിൽ തഫ്‌സീല ഫയാസ്, ഷഹീന, സുഹ്‌റ ആരിഫ് എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. മെഹന്തി മത്സരത്തിൽ നജ്മുന്നിസ, ഷാഹ്‌ന നൗഷെർ, നിഹാന ഖതീജ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ആക്ടിംഗ് പ്രസിഡന്റ് സൈഫുദ്ധീൻ വളക്കൈയുടെ അധ്യക്ഷതയിൽ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എൻ.ആർ.കെ. പ്രതിനിധി നാസർ കാരക്കുന്ന്, ഫോർകാ പ്രതിനിധി റഹ്മാൻ മുനമ്പം, അബ്ദുള്ള വല്ലാഞ്ചിറ, മജീദ് പയ്യന്നൂർ, വനിതാ കെ.എം.സി.സി. പ്രസിഡന്റ് റഹ്‌മത്ത് അഷ്‌റഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മുക്താർ പി.ടി.പി. തസ്‌വീദ് ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. വി.കെ. മുഹമ്മദ് ജില്ലാകമ്മിറ്റി നടത്താൻ പോകുന്ന സമൂഹ വിവാഹ പദ്ധതിയെ കുറിച്ച് വിവരിച്ചു. ലീയാകാത്ത് അലി കരിയാടൻ സ്വാഗതവും മെഹ്ബൂബ് വി.വി. നന്ദിയും അറിയിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ അബൂബക്കർ ഹാജി ബ്ലാത്തൂർ, അബ്ദുൽ ഖാദർ, ഷൗക്കത്ത് കടമ്പോട്, മുഹമ്മദ് കുട്ടി മുള്ളൂർക്കര, അൻഷാദ് തൃശൂർ, റഷീദ് കോഴിക്കോട്,ജസീല മൂസ, ഡേവിഡ് ലുക്ക് എന്നിവർ സന്നിഹിതരായിരുന്നു.
കണ്ണൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇസ്മ മെഡിക്കൽ ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം അബ്ദുൽ മജീദ് പെരുമ്പ നിർവഹിച്ചു. നോർക്ക ഹെൽപ്പ് ഡെസ്ക് ഉത്ഘാടനം യാക്കൂബ് തില്ലങ്കേരിയും കണ്ണൂർ സാംസ്‌കാരിക പവലിയൻ ഉത്ഘാടനം മെഹ്ബൂബ് ചെറിയ വളപ്പും നിർവഹിച്ചു.


സാംസ്‌കാരിക പവലിയനിൽ ഒരുക്കിയ കണ്ണൂരിന്റെ ചരിത്രം, വർത്തമാനം, ടൂറിസം എന്നിവ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം, കണ്ണൂർ പാലക്കയം തട്ടിന്റെ ഫോട്ടോ ഫ്രെയിം രൂപകല്പന, തലശ്ശേരി സ്‌നാക്കുകളുമായി കുടുംബിനികൾ ഒരുക്കിയ സ്റ്റാളുകൾ, പഴയ ഓർമ്മകൾ ഉണർത്തിയ പി.ടി.എച്ച്.ന്റെ ഉന്തുവണ്ടി തുടങ്ങിയവ ഫെസ്റ്റിൽ എത്തിയവർക്കു കണ്ണൂരിന്റെ തെരുവുകളിൽ എത്തിയ അനുഭവം സമ്മാനിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിന് ഹുസൈൻ കുപ്പം, ഷെരിഫ് തിലാനൂർ, സിദ്ധിക്ക് മടക്കര , നസീർ പുന്നാട്, മുഹമ്മദ് കണ്ടക്കൈ, റാഫി ടി.കെ., മുഹമ്മദ് ശബാബ്, നൗഷാദ് വടക്കുമ്പാട്, അഷ്‌റഫ് പയ്യന്നൂർ, സാജിം പാനൂർ, റഹ്മാൻ കൊയ്യോട് എന്നിവർ നേതൃത്വം നൽകി.