ജിദ്ദ– വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജിദ്ദ ഘടകമായ ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ‘ജിദ്ദ പ്രവാസി കോൺഫറൻസ്’ ഷറഫിയ്യ അൽ-അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ‘തൊഴിലിടങ്ങളിലെ പ്രവാസി’ എന്ന വിഷയത്തിൽ സംസാരിക്കവെ, അവകാശങ്ങൾക്കായി വാദിക്കുമ്പോൾ തന്നെ തൊഴിലുടമയോടുള്ള ഉത്തരവാദിത്തങ്ങൾ വിശ്വാസ്യതയോടെ നിറവേറ്റണമെന്ന് ഓർമ്മിപ്പിച്ചു.
വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ധീൻ സ്വലാഹി ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വരുമാനത്തിന് അനുസൃതമായ ജീവിതക്രമീകരണത്തെക്കുറിച്ചും ഉൽബോധനം നടത്തി. സമാപന പ്രഭാഷണം നിർവ്വഹിച്ച വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ്, ലിബറലിസത്തിനും ഫാസിസത്തിനുമെതിരെ മുസ്ലിം സംഘടനകൾ ആശയപരമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. വിസ്‌ഡം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ അബ്ദുൽ ജബ്ബാർ മദീനിയുടെ ‘വിജയിച്ച കക്ഷികൾ’ എന്ന ഓഡിയോ ബുക്കിന്റെ ലോഞ്ചിംഗും നടന്നു. ഫൈസൽ വാഴക്കാട് സ്വാഗതവും നബീൽ പ്രാലപ്പറ്റ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനം മോശം കാലാവസ്ഥയിലും നൂറുകണക്കിന് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.



