ജിദ്ദ – കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. പ്രവാസി വിദ്യാർത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്കാരിക, സർഗാത്മക മികവുകൾ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബൽ തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവാസി സാഹിത്യോത്സവിൽ ജിദ്ദ സിറ്റി സോൺ പരിധിയിലെ മഹ്ജർ, ഷറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളിൽ നിന്ന് പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.


നുസ്ല അൽ ബദ്ർ ഓഡിറ്ററിയത്തിൽ 11 വേദികളിലായി 70 മത്സരയിനങ്ങളിലാണ് സാഹിത്യവിരുന്ന് നടന്നത്. 238 പോയിന്റുകൾ നേടി ഷറഫിയ സെക്ടർ ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. മഹ്ജർ (203 പോയിന്റ്),സുലൈമാനിയ (191പോയിന്റ് ) സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സർഗ്ഗപ്രതിഭയും ആയി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമ വനിത വിഭാഗത്തിൽ നിന്ന് സർഗ്ഗപ്രതിഭയായി. വിജയികൾ 2026 ജനുവരി 23ന് മക്കയിൽ വെച്ച് നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.


ഉദ്ഘാടന സംഗമം ജിദ്ദ ICF ചാപ്റ്റർ പ്രസിഡന്റ് ഹസ്സൻ സഖാഫി നിർവഹിച്ചു. യഹിയ ഖലീൽ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസർ അറഫാത്ത് AR നഗർ , മൂസ സഖാഫി എന്നിവർ സംബന്ധിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജാ സഖാഫിയുടെ അധ്യക്ഷതയിൽ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.
ബഹുസ്വര സമൂഹത്തില്‍ വെറുപ്പിന്റെ കനലുകള്‍ കെടുത്താനും സ്നേഹസൗഭ്രാത്രത്തിന്റെയും ഒരുമയുടെയും കണ്ണികള്‍ക്ക് ഈടുറപ്പിക്കാനും
അതുവഴി മാനവകുലത്തെ വിമലീകരിക്കുകയെന്ന ഉല്‍കൃഷ്ട ദൗത്യം സാധ്യമാവുകയും ചെയ്യുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദ സിറ്റി സോൺ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് വലിയപറമ്പ് സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ (ICF), അബ്ദുറസ്സാഖ് മാസ്റ്റർ (KMCC), അനസ് ബാവ (നവോദയ ), സൈനുദ്ധീൻ ഫൈസി പൊന്മള (SIC), ഹക്കീം പാറക്കൽ ( OICC), ഗഫൂർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം ), മൻസൂർ ചുണ്ടമ്പറ്റ (RSC ഗ്ലോബൽ ) എന്നിവർ സംസാരിച്ചു. മുഹ്സിൻ സഖാഫി പ്രാർത്ഥന നിർവഹിച്ചു. ഷക്കീർ പെടേന സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും അറിയിച്ചു.



