ജിദ്ദ– മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇറാനുമായി നടത്തുന്ന ഏതൊരു ചർച്ചകളിലും കരാറുകളിലും ഗൾഫ് രാജ്യങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അല്‍ബുദൈവി ആവശ്യപ്പെട്ടു. മേഖലയുടെ സുരക്ഷ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തമില്ലാത്ത ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് അല്‍ബുദൈവി കുറ്റപ്പെടുത്തി. സംഘർഷത്തിൽ കക്ഷികളല്ലാത്ത രാജ്യങ്ങളെപ്പോലും ഇറാൻ ആസൂത്രിതമായി ലക്ഷ്യമിടുന്നു. ഗൾഫ് രാജ്യങ്ങൾക്കെതിരെ അയ്യായിരത്തിലേറെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ വലിയ തോതിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. ആക്രമണങ്ങൾക്കായി തെറ്റായ ന്യായീകരണങ്ങൾ നിരത്തുന്നതും വഞ്ചനാപരമായ നിലപാടുകൾ സ്വീകരിക്കുന്നതും ഗൾഫ് രാജ്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെയും അവരുടെ അനുകൂലികളുടെയും (പ്രോക്സികൾ) നീക്കങ്ങൾ ആഗോള സാമ്പത്തിക സ്ഥിരതയെത്തുടന്നെ നേരിട്ട് ബാധിക്കുന്നുണ്ട്. പ്രധാന ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ചുമത്തുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഹുർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന പാതകളിൽ തടസ്സമുണ്ടാക്കാൻ ആർക്കും അവകാശമില്ല. കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് ആഗോള വ്യാപാരത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അല്‍ബുദൈവി ചൂണ്ടിക്കാട്ടി.
പ്രാദേശികമായ രാഷ്ട്രീയ കണക്കുതീർക്കാനുള്ള വേദികളായി ഗൾഫ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങൾ മാറുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഗൾഫിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ആസൂത്രിതമാണ്. ഗൾഫ് രാജ്യങ്ങൾക്കെതിരായ നീക്കങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണം. നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകുന്നതോടൊപ്പം തന്നെ, സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും കൗൺസിൽ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



