ന്യൂഡൽഹി– പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും അയച്ച കത്തിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
പുതിയ പാസ്‌പോർട്ട് നമ്പരിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ സൗകര്യമില്ലാത്തതാണ് നിലവിലെ പ്രധാന പ്രശ്നം. പഴയ പാസ്‌പോർട്ട് നമ്പറുകളുടെ ഘടനയ്ക്ക് അനുസൃതമായ കളങ്ങളാണ് (Columns) വെബ്‌സൈറ്റിൽ ഇപ്പോഴും നൽകിയിരിക്കുന്നത്. ഇതുമൂലം പുതിയ പാസ്‌പോർട്ട് കൈവശമുള്ള നിരവധി പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
പുതിയ പാസ്‌പോർട്ട് നമ്പർ കൂടി അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ വെബ്‌സൈറ്റിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് സൈനുൽ ആബിദീൻ കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനുമാണ് അദ്ദേഹം നിവേദനം നൽകിയത്. പ്രവാസികളുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



