തിരുവനന്തപുരം: ലോക ഫുട്‌ബോൾ ഇതിഹാസവും അർജന്റീന ഫുട്‌ബോൾ ടീമിന്റെ നായകനുമായ ലയണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനാവശ്യമായ ഇടപെടൽ സ്‌പോൺസർമാർ നടത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം റിപോർട്ടർ ചാനലിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മെസിയെ കൊണ്ടുവരുന്നത് സർക്കാരല്ല, സ്‌പോൺസറായ റിപോർട്ടർ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ്. അതിനാൽ വരുന്നില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർക്കാണ്. ചെറിയ താമസമുണ്ടായേക്കാം. വലിയ തുകയല്ലേ? എന്നാലും നടക്കുമെന്നാണ് പ്രതീക്ഷന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി മന്ത്രി പ്രതികരിച്ചു.
എന്തായാലും ഇത്രയധികം വൻ തുക മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാൻ സർക്കാറിനാകില്ല. അതുകൊണ്ടാണ് സർക്കാർ സ്‌പോൺസറെ കണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ കരാറുണ്ടാക്കിയത് റിപോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായാണ്. സ്‌പോൺസർഷിപ്പ് അവരുടെ അഭ്യർത്ഥനപ്രകാരം കൊടുത്തതാണ്. കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെയും സ്‌പോൺസർ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും ടീമിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളിൽ കായിക വകുപ്പ് വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.