കൊൽക്കത്ത– കൊൽക്കത്തയിൽ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ സംശയാസ്പദമായ തകരാറ് മൂലം, വിമാനം എടുക്കുന്നത് അഞ്ച് മണിക്കൂർ വൈകിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്ത എയർപോർട്ടിൽ നിന്നും പുറപ്പെടേണ്ട ഖത്തർ എയർവേയ്സിന്റെ വിമാനമാനത്തിന്റെ ലാൻഡിങ് ഗിയറാണ് തകരാറിലായി എന്ന് തോന്നിച്ചത്. ഹൈഡ്രോളിക്സിലോ, വൈദ്യുതിയുടെ പ്രശ്നം മൂലമോ ആവാം, ലാൻഡിങ് ഗിയറിൽ തടസ്സം അനുഭവപ്പെട്ടതെന്ന് കരുതപ്പെടുന്നു. ബോയിങ് കമ്പനിയുടെ ബി 787-8 ട്വിൻ ജെറ്റ് വിമാനമാണ് തകരാറിലായത്. പകരം സർവീസ് നടത്തിയത് എയർബസ് എ 350-900 ട്വിൻജെറ്റ് മോഡൽ വിമാനമാണ്.
നിശ്ചയിച്ചതിനും ആറ് മിനിട്ട് മുമ്പ് 2:14 നാണ് വിമാനം കൊൽക്കത്തയിൽ എത്തിചേർന്നത് (ക്വി.ആർ 540). പക്ഷേ തിരിച്ച് പറക്കുമ്പോൾ (ക്വി.ആർ 541) വിമാനം അഞ്ച് മണിക്കൂർ താമസിച്ചാണ് പറന്നത്. പൈലറ്റിന് ലാൻഡിങ് ഗിയർ പ്രവർത്തിക്കുന്നതിൽ തടസ്സം നേരിട്ടത് കാരണത്താലോ, കോക്പിറ്റിന് അകത്തുള്ള ഇൻസ്ട്രുമെന്റ് പാനലിൽ അറിയിപ്പ് ലഭിച്ചതിനാലോ ആയിരിക്കാം ലാൻഡിങ് ഗിയറിൽ തകരാറുണ്ടെന്ന് പൈലറ്റ് സംശയം പ്രകടിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദോഹയിലേക്ക് പുറപ്പെടാനുള്ള യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതിന് ശേഷം ലാൻഡിങ് ഗിയറിലെ തകരാർ പരിഹരിക്കാൻ എഞ്ചിനിയർമാർ ശ്രമിച്ചു.
വിമാനയാത്ര വൈകിയതിനെ തുടർന്ന് യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് പ്രതികരണം അറിയിച്ചത്. കൊൽക്കത്ത ദോഹ വിമാനത്തിലെ സ്ഥിരം യാത്രക്കാരനായ അനിരുഥ് ബാഗ്രി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: “ഖത്തർ എയർവേയ്‌സിൽ അങ്ങേയറ്റം നിരാശയുണ്ട്. കൊൽക്കത്തയിൽ നിന്ന് ദോഹയിലേക്കുള്ള QR541 വിമാനം വൈകി – രാവിലെ 6.20 ന് ഇറങ്ങേണ്ടതായിരുന്നു, ഇപ്പോൾ രാവിലെ 10.31 ന് എത്തുകയുള്ളു. ഇന്ന് ഉച്ചയ്ക്ക് ഒരു ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. ഈ കാലതാമസം എന്റെ എല്ലാ പദ്ധതികളെയും കുഴപ്പത്തിലാക്കും.” ബാഗ്രി പറഞ്ഞു.
രാവിലെ 8.15 ഓടെ പ്രശ്നം പരിഹരിച്ചതായും തുടർന്ന് ബോർഡിംഗ് ആരംഭിച്ചതായും വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ പുലർച്ചെ 3.50 ന് പകരം 9.40 ന് വിമാനം പുറപ്പെട്ടു. ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസന്തുലിതത്ത്വം കാരണത്താൽ മുമ്പും ഖത്തർ വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടിട്ടുള്ളത്