സൻആ: ഞായറാഴ്ച ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള ആദ്യ പ്രതികരണമായി, തിങ്കളാഴ്ച വൈകുന്നേരം ചെങ്കടലിലെ യെമൻ തീരദേശ പ്രവിശ്യയായ അൽഹുദൈദയിലെ തുറമുഖത്തും സിമന്റ് ഫാക്ടറിയിലും ഇസ്രായിൽ ശക്തമായ ആക്രമണം നടത്തി.
ആക്രമണത്തിൽ 30 യുദ്ധ വിമാനങ്ങൾ പങ്കെടുത്തു. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഹൂത്തി ഗവൺമെന്റ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2023 ജൂലൈ 20ന് ശേഷം ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന ആറാമത്തെ പ്രതികാര നടപടിയാണിത്.
അന്താരാഷ്ട്ര കപ്പലുകളെ ഭീഷണിപ്പെടുത്തുന്നതും ഇസ്രായിലിനെ ആക്രമിക്കുന്നതും നിർത്താൻ ഹൂത്തികളെ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് മധ്യം മുതൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് ഇസ്രായിലിന്റെ പുതിയ ആക്രമണം. ഇസ്രായിലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി അൽഹുദൈദ തുറമുഖവും പരിസരവും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായിലി സൈനിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ, മറ്റ് സൈനിക സാമഗ്രികൾ എന്നിവ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന തുറമുഖമായ അൽഹുദൈദ തുറമുഖത്ത് ഇസ്രായിൽ ആക്രമിച്ച കേന്ദ്രങ്ങൾ ഹൂത്തികളുടെ പ്രധാന വരുമാന സ്രോതസ്സാണെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു.
ഹൂത്തികളുടെ സമ്പദ് വ്യസ്ഥയെ സേവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളായ അൽഹുദൈദക്ക് കിഴക്കുള്ള ബാജിൽ സിമന്റ് ഫാക്ടറിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിലി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഇസ്രായിലിലെ പൗരന്മാർക്കും താമസക്കാർക്കും നേരെയുള്ള ഏതൊരു ഭീഷണിക്കെതിരെയും ശക്തമായി പ്രതികരിക്കാൻ സൈന്യം ദൃഢനിശ്ചയം ചെയ്തതായും അഡ്രഇ പറഞ്ഞു.
ഗാസയിലെ ഫലസ്തീനികളെ പിന്തുണക്കാനായി ഇസ്രായിലിനെയും അമേരിക്കൻ സേനയെയും ലക്ഷ്യമിടുന്നതായി ഹൂത്തികൾ അവകാശപ്പെടുന്നു. എന്നാൽ, ഹൂത്തികൾ മേഖലയിൽ ഇറാന്റെ അജണ്ട നടപ്പാക്കുകയും യെമനിൽ ഐക്യരാഷ്ട്രസഭ നയിക്കുന്ന സമാധാന പ്രക്രിയയിൽ നിന്ന് ഒഴിഞ്ഞുമാറുകയുമാണെന്ന് യെമൻ സർക്കാർ പറയുന്നു.
ഞായറാഴ്ച ഹൂത്തികൾ ഇസ്രായിൽ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. ഇസ്രായിലിന് മിസൈൽ തടയാനായില്ല. ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ പൊട്ടിത്തെറിച്ച് വലിയ ഗർത്തം രൂപപ്പെട്ടു. ഇത് ഹൂത്തികളുടെ ആയുധങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും, മുമ്പ് അഞ്ചു തവണ നടത്തിയ ആക്രമണങ്ങൾക്ക് സമാനമായി, പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ ഇസ്രായിലിനെ പ്രേരിപ്പിക്കുകയും ചെയ്തു.
അൽഹുദൈദ തുറമുഖത്തും ബാജിൽ സിമന്റ് ഫാക്ടറിയിലും സംഭവിച്ചത് പുതിയ ദുരന്തമാണെന്നും തീവ്രവാദികളായ ഹൂത്തി മിലീഷ്യ യെമനും യെമൻ ജനതക്കും വരുത്തിവച്ച ദുരന്തങ്ങളുടെ പരമ്പരക്ക് ആക്കം കൂട്ടുമെന്നും യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇരിയാനി പറഞ്ഞു. 2014-ലെ നിർഭാഗ്യകരമായ അട്ടിമറിക്ക് ശേഷം ഹൂത്തി മിലീഷ്യ ഇറാൻ ഭരണകൂടത്തിന്റെ കൈകളിലെ വിലകുറഞ്ഞ ഉപകരണമായി മാറാൻ തീരുമാനിച്ചു. യെമന്റെയും യെമൻ ജനതയുടെയും ദേശീയ സുരക്ഷയുടെയും താൽപര്യങ്ങൾ അവഗണിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ ഇറാൻ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളായി ഉപയോഗിച്ചു. ഇറാൻ യെമനിൽ നിന്നാണ് പ്രാദേശിക യുദ്ധങ്ങൾ നടത്തുന്നതെന്ന് വ്യക്തമായി.
തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ഇറാൻ ഹൂത്തികളെ ഉപയോഗിക്കുന്നു. ഇറാനെ പ്രീതിപ്പെടുത്താൻ യെമന്റെ ശേഷികളിൽ അവശേഷിക്കുന്നതെല്ലാം ത്യജിക്കാൻ ഹൂത്തികൾ മടിക്കുന്നില്ല. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാനുള്ള ഇറാൻ വിദേശ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ഈ തന്ത്രത്തിന്റെ ഭാഗമായിരിക്കാം. ഇസ്രായിലിനു നേരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ആയുധങ്ങൾ ഇറാന്റെതാണ്. ഈ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ നേതൃത്വം നൽകുന്ന വിദഗ്ധർ ഇറാനികളാണ്. ആക്രമണത്തിനുള്ള രാഷ്ട്രീയ തീരുമാനം പുറപ്പെടുവിക്കുന്നത് ഇറാനാണ്. ഈ വസ്തുതക്ക് വിരുദ്ധമായ തെറ്റായ അവകാശവാദമാണ് ഇസ്രായിലിനു നേരെയുള്ള മിസൈൽ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന ഇറാന്റെ വാദമെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു.
ഇസ്രായിൽ ആക്രമണത്തിൽ അൽഹുദൈദ തുറമുഖ ഡോക്ക് പൂർണമായും തകർന്നതായി അൽഹുദൈദ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി വലീദ് അൽഖദീമി പറഞ്ഞു. ബാജിൽ സിമന്റ് ഫാക്ടറിയും വൈദ്യുതി നിലയങ്ങളും തകർക്കപ്പെട്ടു. യെമനിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയുടെ പൂർണ ഉത്തരവാദിത്തം ഹൂത്തി മിലീഷ്യക്കാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖമായ അൽഹുദൈദ തുറമുഖം അടച്ചുപൂട്ടുന്നത് യെമൻ ജനതയെ പ്രതികൂലമായി ബാധിക്കും. യെമന്റെ ഭക്ഷ്യ ആവശ്യങ്ങളുടെ ഏകദേശം 80 ശതമാനവും ഈ തുറമുഖം വഴിയാണ് എത്തുന്നതെന്നും വലീദ് അൽഖദീമി പറഞ്ഞു.