- ഗാസ ആശുപത്രിക്കു നേരെ മിസൈൽ ആക്രമണം
ഗാസ: ഗാസയിലെ പ്രധാന ആശുപത്രിക്കു നേരെ ഇസ്രായിൽ മിസൈൽ ആക്രമണം. ആശുപത്രിക്കുള്ളിൽ രണ്ടു ഇസ്രായിലി മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ അത്യാഹിത, റിസപ്ഷൻ വിഭാഗം തകരുകയും മറ്റു ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഇസ്രായിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി പരിചയമുള്ള ഒരാളിൽ നിന്ന് തനിക്ക് ഫോൺ കോൾ ലഭിച്ചതായി ഒരാൾ പറഞ്ഞതിനെ തുടർന്ന് അൽഅഹ്‌ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ജീവനക്കാർ രോഗികളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല. ഹീനവും വൃത്തികെട്ടതുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച് ഹമാസ് ഗവൺമെന്റ് മാധ്യമ ഓഫീസ് ആക്രമണത്തെ അപലപിച്ചു.
ഗാസയിലെ ആരോഗ്യ മേഖലയിൽ അവശേഷിക്കുന്ന സ്ഥാപനങ്ങൾ തകർക്കാനുള്ള വ്യവസ്ഥാപിത പദ്ധതിയുടെ ഭാഗമായി 34 ആശുപത്രികൾ ഇസ്രായിൽ മനഃപൂർവ്വം നശിപ്പിച്ചു. എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ആശുപത്രികൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് നിരോധിക്കുന്ന ജനീവ കൺവെൻഷനുകളുടെയും നഗ്‌നമായ ലംഘനമാണിതെന്ന് മാധ്യമ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്‌ടോബറിൽ അൽഅഹ്‌ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ഗാസക്ക് തെക്ക് ഭാഗത്തുള്ള റഫ നഗരത്തെ ഉപരോധത്തിലുള്ള ഗാസയിലെ സുരക്ഷിത മേഖലയിൽ ഉൾപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ഇസ്രായിൽ ഹമാസിനു മേൽ സമ്മർദം വർധിപ്പിച്ചു. 188-ാമത് ബ്രിഗേഡിലെയും ഗൊലാനി ബ്രിഗേഡിലെയും സൈന്യങ്ങൾ മൊറാഗ് അച്ചുതണ്ട് സ്ഥാപിക്കൽ പൂർത്തിയാക്കിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു.
മൊറാഗ് അച്ചുതണ്ട് തെക്കൻ ഗാസയെ റഫ ബ്രിഗേഡിനും ഖാൻ യൂനിസിനും ഇടയിൽ വിഭജിക്കുന്നു. റഫ ഇപ്പോൾ ഇസ്രായിലിന്റെ സുരക്ഷാ മേഖലയുടെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രി യിസ്രായിൽ കാറ്റ്‌സ് പറഞ്ഞു. ഹമാസിനെ തകർക്കാനും മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള അവസാന അവസരമാണിതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഗാസ വെടിനിർത്തൽ നീട്ടുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം കയ്‌റോയിൽ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന സമയത്താണ് ദക്ഷിണ ഗാസയിലെ റഫ നഗരത്തെ ഇസ്രായിൽ സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനും ആക്രമണം അവസാനിപ്പിക്കാനും ഗാസയിൽ നിന്ന് അധിനിവേശ സേനയെ പിൻവലിക്കാനുമുള്ള കരാറിലെത്തുന്നതിന് കയ്‌റോ യോഗം യഥാർഥ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹമാസ് വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു.