തെല്‍അവീവ് – ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും ആക്രമണ പദ്ധതിക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചതായും ഇസ്രായില്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇസ്രായിലിലെ ഔദ്യോഗിക ചാനല്‍ കാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് നേതാക്കളെ ഇല്ലാതാക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ചാനല്‍ സൂചിപ്പിച്ചു. അതേസമയം, ദോഹയിലെ ആക്രമണം ഇസ്രായില്‍ സ്വതന്ത്രമായാണ് നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്തം ഇസ്രായില്‍ ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഹമാസ് സംഘം രക്ഷപ്പെട്ടതായി ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ പുറത്തുപോകരുതെന്നും തങ്ങളുടെ സ്ഥലങ്ങളില്‍ തന്നെ കഴിയണമെന്നും ദോഹയിലെ യു.എസ് എംബസി നിര്‍ദേശിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകള്‍ ലക്ഷ്യമിട്ടുള്ള ഇസ്രായിലി ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തെ ഭീരുത്വമെന്ന് ഖത്തര്‍ വിശേഷിപ്പിച്ചു. സംഭവത്തില്‍ ഖത്തര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇസ്രായിലുമായും അമേരിക്കയുമായും ബന്ധം നിലനിര്‍ത്തുന്ന ഖത്തര്‍, ഹമാസിനും ഇസ്രായിലിനും ഇടയില്‍ മധ്യസ്ഥനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായില്‍ വ്യോമസേന ഇന്ന് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.