റിയാദ് – ഖത്തറിനെതിരായ ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷക്ക് ഒരു നീച രാഷ്ട്രത്തില്‍ (ഇസ്രായില്‍) നിന്ന് ഭീഷണി നേരിടുന്നതായി തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍ സൗദി അംബാസഡറും മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി തലവനുമാണ് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരൻ. സെപ്റ്റംബര്‍ ഒമ്പതിന് ഇസ്രായിൽ ഖത്തറിന് നേരെ നടത്തിയ ആക്രമണത്തെ വഞ്ചനാപരം എന്നാണ് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ വിശേഷിപ്പിച്ചത്. ദോഹ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയോടുള്ള സമീപനം പുനര്‍വിചിന്തനം ചെയ്യണമെന്നും അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ അറബ് ന്യൂസിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഡീന്‍ ഓഫ് അംബാസഡേഴ്സ് ഗാല ഡിന്നറില്‍ സംസാരിക്കുകയായിരുന്നു തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍.
സുരക്ഷാ ഉറപ്പുവരുത്താനും ഇത്തരം ഭീഷണികളെ നേരിടുന്നതിനും തന്ത്രപരമായ നയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമപ്പെടുത്തി. ഇസ്രായിലിനെ കയറൂരിവിടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായില്‍-ഫലസ്തീന്‍ സമാധാന പ്രക്രിയയെക്കുറിച്ചും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ, പ്രത്യേകിച്ച് അമേരിക്കയുടെ പങ്കിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഈ അവസ്ഥക്ക് ആരാണ് ഉത്തരവാദി എന്നത് ഒരു തുറന്ന ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെങ്കിലും ഈ ഉത്തരവാദിത്തത്തിന്റെ ഏറ്റവും വലിയ പങ്ക് അമേരിക്കക്കാണെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധനായ ഇടനിലക്കാരന്റെ റോളില്‍ നിന്ന് ഇസ്രായിലിന്റെ ഉറച്ച സഖ്യകക്ഷിയുടെ റോളിലേക്ക് അമേരിക്ക മാറുന്നത് നാം കാണുന്നു. ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശത്തെയും ഗാസയിലും വെസ്റ്റ് ബാങ്കിലും നടത്തുന്ന വംശഹത്യയെയും നേരിടുന്നതില്‍ അമേരിക്ക സ്വീകരിച്ച നഗ്‌നമായ ഇരട്ടത്താപ്പ് അറബികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളും വ്യക്തമായി കാണുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന സ്ഥാപകനാകണമെങ്കില്‍, സുഹൃത്തുക്കളുടെയും സഖ്യകക്ഷികളുടെയും സമാധാനത്തിനും സുരക്ഷക്കും വേണ്ടി, അമേരിക്ക ചെയ്ത മുന്‍കാല തെറ്റുകള്‍ അദ്ദേഹം തിരുത്തണമെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.