മനാമ – ഗൾഫ് രാജ്യങ്ങൾക്കെതിരായ മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ സംയുക്ത പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ‘ഐൺ ഡോം’ (Iron Dome) മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ചർച്ച നടത്തുന്നു. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു സംയുക്ത ഐൺ ഡോം സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അടുത്തിടെ നടന്ന യോഗങ്ങളിൽ ജി.സി.സി രാജ്യങ്ങൾ ചർച്ച ചെയ്തുവെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി മനാമയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് നടക്കുന്ന 46-ാമത് ജി.സി.സി ഉച്ചകോടി സംയുക്ത പ്രതിരോധം പ്രധാന വിഷയമായി വിശകലനം ചെയ്യും. ഖത്തറിനെതിരായ സമീപകാല ഇറാൻ, ഇസ്രായേൽ ആക്രമണങ്ങളുടെ വെളിച്ചത്തിലാണ് ഈ നീക്കം. ഖത്തറിനെതിരായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ദോഹയിൽ ചേർന്ന ഐക്യദാർഢ്യ യോഗം, സമാനമായ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രിമാരുടെ അസാധാരണ യോഗം ചേരാൻ നിർദ്ദേശം നൽകിയിരുന്നു.
ഇതനുസരിച്ച് ദോഹയിൽ ചേർന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത സൈനിക പ്രവർത്തനം ശക്തിപ്പെടുത്താനുള്ള അഞ്ച് പ്രതിരോധ നടപടികളിൽ ധാരണയിലെത്തിയിരുന്നു. ഈ തീരുമാനങ്ങൾ ഗൾഫ് രാജ്യങ്ങൾ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ഉടൻ കരാറുകളിൽ ഒപ്പുവെക്കും. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ അറിയിച്ചു. രാഷ്ട്രീയ ഏകോപനം, സുരക്ഷാ-പ്രതിരോധ സഹകരണം, സാംസ്കാരിക കൈമാറ്റം, സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം എന്നിവ ഈ സമഗ്ര പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
ബഹ്റൈൻ എട്ടാം തവണയാണ് ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 2025 ജൂൺ 23 ന് ഇറാൻ യുഎസ് താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. 2025 സെപ്റ്റംബർ 9 ന് ഇസ്രായേൽ ഹമാസ് ചർച്ചാ പ്രതിനിധി സംഘത്തിൻ്റെ ആസ്ഥാനം ലക്ഷ്യമാക്കി ദോഹയിൽ വ്യോമാക്രമണം നടത്തി.



