തെഹ്‌റാന്‍ – താനും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. സംഘര്‍ഷങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ സൗദി അറേബ്യ മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ വിദേശ മന്ത്രിയുടെ പ്രസ്താവന. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ ഭൂപ്രദേശം, പ്രാദേശിക ജലാതിര്‍ത്തി, വ്യോമാതിര്‍ത്തി എന്നിവ ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സൗദി സഹോദരന്മാര്‍ ബീജിംഗ് കരാര്‍ പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായിലിന്റെയും ആക്രമണം മുഴുവന്‍ മേഖലയെയും അപകടത്തിലാക്കിയിരിക്കുന്നു. അയല്‍ രാജ്യങ്ങളെ ഇറാന്‍ ശത്രുക്കളായി കണക്കാക്കുന്നില്ല. അയല്‍ രാജ്യങ്ങളുമായി ഞങ്ങള്‍ സൗഹൃദത്തിലാണ്. ഈ മേഖലയിലെ അമേരിക്കന്‍ താവളങ്ങളുടെ സാന്നിധ്യം അരക്ഷിതാവസ്ഥ മാത്രമാണ് കൊണ്ടുവന്നത്. യുദ്ധം മേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. പക്ഷേ ആക്രമണകാരിയെ ഞങ്ങള്‍ കഠിനമായ പാഠം പഠിപ്പിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു. 2023 മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച കരാര്‍ പാലിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



