ജിദ്ദ – വര്‍ധിച്ചുവരുന്ന പ്രക്ഷുബ്ധത കാരണം ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. ഇത് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികളുടെ സര്‍വീസുകളെ ബാധിച്ചു. ചില സര്‍വീസുകള്‍ക്ക് കാലതാമസം നേരിടുകയും മറ്റു ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
സര്‍വീസുകള്‍ക്ക് കാലതാമസം നേരിടാനുള്ള സാധ്യതയെ കുറിച്ച് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യവും വ്യോമാതിര്‍ത്തി അടച്ചിടലും കാരണം, മേഖലക്ക് മുകളിലൂടെ പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ബദല്‍ റൂട്ട് ഉപയോഗിക്കുന്നു. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാന്‍ കഴിയാത്ത ചില വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് തങ്ങളുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു എന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.


ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചത് അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചതായി ഇന്‍ഡിഗോ റിപ്പോര്‍ട്ട് ചെയ്തു. സാധ്യമായ ഏറ്റവും മികച്ച ബദലുകള്‍ നല്‍കാന്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ ഉറപ്പ് നല്‍കി. ഈ സംഭവവികാസം ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണ്. നിങ്ങളുടെ യാത്രാ പദ്ധതികള്‍ക്ക് ഇത് ഉണ്ടാക്കിയേക്കാവുന്ന തടസ്സത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട യാത്രക്കാര്‍ വഴക്കമാര്‍ന്ന റീബുക്കിംഗ് ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്തുകയോ വെബ്സൈറ്റ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ വേണമെന്നും ഇന്‍ഡിഗോ പറഞ്ഞു.
സമാനമായി എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴിയോ റിസര്‍വേഷന്‍ ഹെല്‍പ്പ്ലൈനുകള്‍ വഴിയോ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ സ്പൈസ് ജെറ്റും യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ഇറാനിലെ വ്യോമാതിര്‍ത്തി അടച്ചത് ഞങ്ങളുടെ ചില വിമാന സര്‍വീസുകളെ ബാധിച്ചേക്കാം. യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കുകയോ സഹായത്തിനായി ഞങ്ങളുടെ ഹെല്‍പ്പ്ലൈനുകളുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് സ്‌പൈസ് ജെറ്റ് പറഞ്ഞു.


ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിടല്‍ അവസാനിച്ചതോടെ ചില വിമാനങ്ങള്‍ തെഹ്റാനിലേക്ക് പറക്കാന്‍ തുടങ്ങിയതായി വ്യോമ ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ ഇറാന്‍ അധികൃതര്‍ വാണിജ്യ വിമാനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 7:30 വരെ അടച്ചിടല്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൈലറ്റുമാര്‍ക്ക് നേരത്തെ നല്‍കിയ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഇറാന്‍ വ്യോമാതിര്‍ത്തി രണ്ട് മണിക്കൂറിലധികം നേരം അടച്ചിട്ടു. പിന്നീട് ഇത് രാവിലെ ഏഴര വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ആകെ അഞ്ചു മണിക്കൂറാണ് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചത്. വ്യോമാതിര്‍ത്തി അടച്ചിടാനുള്ള തീരുമാനത്തിന് ഇറാന്‍ സര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കിയില്ല.



