ദോഹ– ഖത്തറിലെ രണ്ട് പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ. മിസഈദിലെ ഒരു പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ഖത്തർ എനർജിയുടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഊർജ്ജ കേന്ദ്രം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ വിക്ഷേപിച്ചായിരുന്നു ഇറാനിന്റെ ആക്രമണം. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽ എൻ ജി) കയറ്റുമതി രാജ്യമായ ഖത്തറിന്റെ സുപ്രധാന എൽ എൻ ജി കേന്ദ്രമാണ് റാസ് ലഫാനിൽ സ്ഥിതി ചെയ്യുന്നത്.
ഖത്തർ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ലയെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ സംഭവിച്ച എല്ലാ നാശനഷ്ടങ്ങളും ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തുമെന്നും ഔദ്യോഗിക പ്രസ്താവന പിന്നീട് പുറപ്പെടുവിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും ശാന്തത പാലിക്കാനും സുരക്ഷാ അധികാരികൾ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും കിംവദന്തികൾ ഒഴിവാക്കി ഔദ്യോഗിക മാർഗങ്ങളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.



