കുവൈത്ത് സിറ്റി– മയക്കുമരുന്നും വ്യാജപൗരത്വവുമാണ് കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളെന്ന് കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ്. മയക്കുമരുന്ന് കുവൈത്തിനെ തകര്‍ക്കുന്നതായും രാജ്യത്തിന്റെ സുരക്ഷയെയും വിഭവങ്ങളെയും ലക്ഷ്യം വെച്ചുള്ള മയക്കുമരുന്ന് കടത്ത് ശ്രമങ്ങളില്‍ ഏകദേശം 90 ശതമാനവും വിഫലമാക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജുഡീഷ്യല്‍ സ്റ്റഡീസില്‍ പുതിയ മയക്കുമരുന്ന് നിയമത്തെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, കൃഷി, നിര്‍മാണം എന്നീ കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷയും ജീവപര്യന്തം ശിക്ഷയും 20 ലക്ഷം കുവൈത്തി ദീനാര്‍ വരെ പിഴയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമനിര്‍മ്മാണ കാര്‍ക്കശ്യത്തിന്റെ പുതിയ ഘട്ടമായി ആഭ്യന്തര മന്ത്രി ഇതിനെ കണക്കാക്കി. ഇതോടൊപ്പം പൗരത്വ ഫയലുകളുടെ കര്‍ശനമായ പുനഃപരിശോധനയും പുരോഗമിക്കുകയാണ്. പൗരത്വ ഫയലുകളുടെ പുനഃപരിശോധനക്ക് സര്‍ക്കാര്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും വളഞ്ഞ വഴികളിലൂടെയും പൗരത്വം നേടിയതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടീനടന്മാരും അധ്യാപകരും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പ്രബോധകരും അടക്കം പതിനായിരക്കണക്കിനാളുകളുടെ പൗരത്വം ഏതാനും മാസങ്ങള്‍ക്കിടെ കുവൈത്ത് റദ്ദാക്കിയിരുന്നു.
സമ്പത്ത് കാരണമാണ് ഇവർ കുവൈത്ത് ലക്ഷ്യമിടുന്നത്. ഈ വിഭവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് മയക്കുമരുന്നുകളോ, പൗരത്വവും തൊഴിലും തേടുന്നവരെയോ നമ്മള്‍ കാണില്ലായിരുന്നു. പൗരത്വം ലഭിക്കാനുള്ള ആഗ്രഹത്തിനും കുവൈത്തിനെ മയക്കുമരുന്ന് ഉപയോഗിച്ച് ലക്ഷ്യം വെക്കുന്നതിനും പിന്നിലെ പ്രേരകശക്തി രാജ്യത്തിന്റെ വിഭവങ്ങളാണ്.
ആഭ്യന്തര മന്ത്രാലയത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ സേവനമനുഷ്ഠിക്കുന്ന കുവൈത്ത് പൗരനായ മയക്കുമരുന്ന് അടിമ തന്റെ സഹോദരിയെ കൊലപ്പെടുത്തിയ സംഭവം അറിഞ്ഞ ദിവസം തനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ലയെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് 2022 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ സേവനമനുഷ്ഠിക്കുന്ന കുവൈത്ത് പൗരനായ മയക്കുമരുന്ന് അടിമ തന്റെ സഹോദരിയെ കൊലപ്പെടുത്തിയിരുന്നു. യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. അവരുടെ നാലു വയസ് മാത്രം പ്രായമുള്ള മകന്‍ ഇത്രയും വര്‍ഷമായി മാതാവിനെ തിരയുകയാണ്. സഹോദരിയെ കൊലപ്പെടുത്തിയ മയക്കുമരുന്ന് അടിമക്കെതിരെ കുടുംബത്തില്‍ ഒരാളും ഒരു പരാതിയും നല്‍കിയിരുന്നില്ല. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഈ കേസ് കണ്ടെത്തി. ഞാന്‍ പ്രതിയുടെ മുഴുവന്‍ കുടുംബത്തെയും വിളിച്ചുവരുത്തി. ഈ കുടുംബം കുവൈത്തിനെ പ്രതിനിധീകരിക്കുന്നില്ല. വര്‍ഷങ്ങളായി എന്റെ അമ്മ എവിടെ എന്ന് ചോദിച്ചുകൊണ്ടിരിക്കുന്ന ഇരയുടെ മകനെ ഓര്‍ത്ത് എന്റെ ഹൃദയം തകര്‍ന്നു. എല്ലാം മയക്കുമരുന്ന് കാരണമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി .
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട ഏതാനും പേരുടെ ശിക്ഷ അടുത്തിടെ കുവൈത്ത് നടപ്പാക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട് 21 വര്‍ഷം പിന്നിട്ടവരും കേസുകളില്‍ ശിക്ഷ പ്രഖ്യാപിച്ച് മൂന്ന് മാസം മാത്രം പിന്നിട്ടവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. മുമ്പ്, കുവൈത്തില്‍ ഇത്തരം കേസുകളില്‍ നിയമം ലംഘിക്കാമായിരുന്നു. എന്നാല്‍ ഇന്ന് അത് അസാധ്യമാണ്. തന്റെ മക്കളില്‍ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാല്‍, ദയ കാണിക്കരുതെന്ന് അമീര്‍ എന്നോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞാന്‍ അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹുമായി സംസാരിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 2013 മുതല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട 35 പേരുടെ ശിക്ഷ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. എന്തുകൊണ്ട് ശിക്ഷകള്‍ നടപ്പാക്കിയില്ലെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഇതേ കുറിച്ച് ആരും നേരത്തെ തന്നെ അറിയിച്ചിട്ടില്ലെന്നും അമീര്‍ എന്നോട് പറഞ്ഞു. പുതിയ നിയമപ്രകാരം, എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം ഒരു കുറ്റവാളിയുടെയും വധശിക്ഷ വൈകിപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ലഹരിക്ക് അടിമകളായവരെ കര്‍ശനമായ പോലീസ് കാവലില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നു. പൂര്‍ണമായും സുഖം പ്രാപിക്കുന്നതുവരെ അവരെ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വിട്ടയക്കാൻ പാടില്ല. ഉപകാരത്തിന് പകരമായി മറ്റൊരാള്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന ഏതൊരാള്‍ക്കും വധശിക്ഷയോ ജീവപര്യന്തം തടവോ നിയമം അനുശാസിക്കുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് നല്‍കുന്ന ഏതൊരാള്‍ക്കും, സൗജന്യമായാണ് നല്‍കുന്നതെങ്കിലും, വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. സാധുവായ മെഡിക്കല്‍ ന്യായീകരണമില്ലാതെ സൈക്കോട്രോപിക് മരുന്നുകള്‍ നിര്‍ദേശിക്കുന്ന ഏതൊരു ഡോക്ടര്‍ക്കും മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. ശിക്ഷ അനുഭവിച്ചശേഷം മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് വിലക്കുമേര്‍പ്പെടുത്തും.
ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയ കൊലപാതക കേസിന് മൂന്നു വര്‍ഷത്തിനു ശേഷമാണ് സുരക്ഷാ വകുപ്പുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. 2022 ജനുവരിയിലാണ് കുവൈത്തി യുവതിയെ ദുരൂഹ സാചര്യത്തില്‍ കാണാതായത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും മയക്കുമരുന്ന് അടിമയുമായ പ്രതി സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.



