ദോഹ– വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി. ഖത്തറിൽ സംഘടിപ്പിച്ച സൗഹൃദ കുടുംബ സംഗമത്തിനിടെയാണ് നിവേദനം കൈമാറിയത്.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളെ ഔദ്യോഗിക വോട്ടിംഗ് കേന്ദ്രങ്ങളാക്കി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ പ്രവാസി ഇന്ത്യക്കാർക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാകാൻ സാധിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കമ്മിറ്റി, ഫോം 6A സമർപ്പിക്കുന്നതിനുള്ള സമയപരിധി ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്കായി നീട്ടിക്കൊടുക്കണമെന്ന് പാർലമെന്റ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും ആവശ്യമായ നടപടികൾക്കായി ഇടപെടുമെന്നും അഡ്വ. അടൂർ പ്രകാശ് എം.പി. ഉറപ്പ് നൽകിയതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങളും ജനാധിപത്യ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും യോഗത്തിൽ അറിയിച്ചു.
45 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി രക്ഷാധികാരി കുരുവിള ജോർജിനും കുടുംബത്തിനും ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ അഡ്വ. അടൂർ പ്രകാശ് എം.പി. കൈമാറി. പ്രസിഡന്റ് റൊൺസി മത്തായി, ജനറൽ സെക്രട്ടറി അഡ്വ. ജിതിൻ ജോസ് മടപ്പള്ളിൽ, സെൻട്രൽ കമ്മിറ്റി ട്രഷറർ ജീസ് ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ രെഞ്ചു സാംനൈനാൻ, ട്രഷറർ ജെറ്റി ജോർജ് എന്നിവർ പ്രസംഗിച്ചു.



