ദുബൈ– യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈ കോൺസുലേറ്റിൻ്റെയും പാസ്‌പോർട്ട്, വിസ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങളുടെ കരാർ ഇനി പ്രമുഖ മലയാളി സംരംഭമായ ‘അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്.
ഏപ്രില്‍ 20-ന് അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍, എംബസി അധികൃതരുടെയും കമ്പനി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ സേവനങ്ങള്‍ നല്‍കിവന്നിരുന്ന ബി എല്‍ എസ് ഇന്റര്‍നാഷണലിന് പകരം 2026 ജൂലൈ മുതലാണ് ‘അല്‍ ഹിന്ദ്’ ഈ ചുമതലകള്‍ ഏറ്റെടുക്കുക. 2025 നവംബറിൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച ആഗോള ടെണ്ടര്‍ നടപടികൾക്കൊടുവിലാണ് അൽ ഹിന്ദിനെ തിരഞ്ഞെടുത്തത്. അവസാന ഘട്ടത്തിലെത്തിയ നാല് കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക (L1) രേഖപ്പെടുത്തിയത് അൽഹിന്ദായിരുന്നു.കരാറിനായി താത്പര്യം പ്രകടിപ്പിച്ചിരുന്ന 26 കമ്പനികളിൽ നിന്നും സാങ്കേതികവും സാമ്പത്തികവുമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ കര്‍ശന പരിശോധനകള്‍ക്കൊടുവില്‍ അവസാന ഘട്ടത്തിലേക്ക് പരിഗണിച്ച നാല് കമ്പനികളിൽ നിന്നാണ് ‘അൽഹിന്ദ്’ തിരഞ്ഞെടുക്കപ്പെട്ടത്. ഡു ഡിജിറ്റല്‍, എസ് ജി-ഐ വി എസ്, വി എഫ് എസ് എന്നിവയായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ച മറ്റ് കമ്പനികള്‍.
പാസ്പോർട്ട്, വിസ, ഒ.സി.ഐ (OCI), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങളാകും അൽഹിന്ദ് വഴി ലഭ്യമാകുക. നിലവിലെ സേവനദാതാക്കളുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ജൂലൈ മുതല്‍ പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. അതുവരെയുള്ള അപേക്ഷകളും കൂടിക്കാഴ്ചാ സമയവും നിലവിലെ രീതിയില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.



