ദോഹ– മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, “ഉമ്മൻ ചാണ്ടി ജനസേവാ” പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച 20 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഐ.സി.സി അശോകാ ഹാളിൽ നടന്ന പരിപാടിയിൽ നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ പ്രഥമ “ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം” മലപ്പുറം ഡി.സി.സി പ്രസിഡൻ്റ് അഡ്വ. വി.എസ്. ജോയി, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോനിൽ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമായിരുന്നു പുരസ്കാരം. ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് വി.എസ്. ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇൻകാസ് ഖത്തറിൻ്റെ സ്നേഹോപഹാരം പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ കൈമാറി. ഇൻകാസ് കോർഡിനേറ്റർ ബഷീർ തുവാരിക്കൽ പ്രശസ്തി പത്രം വായിച്ചു.
പരിപാടിയിൽ അഡ്വ. വി.എസ്. ജോയി മുഖ്യ പ്രഭാഷണം നടത്തി. കരുണയും കരുതലും മുഖമുദ്രയാക്കി, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ തങ്ങളെപ്പോലുള്ള പൊതു പ്രവർത്തകർക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. 14 ജില്ലാ പ്രസിഡൻ്റുമാരും, ലേഡീസ് വിംഗ്- യൂത്ത് വിംഗ് പ്രസിഡൻ്റുമാരും പുരസ്കാര ജേതാവായ അഡ്വ. വി.എസ് ജോയിയെ ഷാൾ അണിയിച്ച് ആദരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കെ.പി.സി സി പ്രസിഡൻ്റും, മുൻ മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന് പരിപാടിയിൽ ആദരാഞ്ജലി അർപ്പിച്ചു. ചടങ്ങിൽ, ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ സ്വാഗതമാശംസിച്ചു. ഇൻകാസ് ഖത്തർ പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു. ജെ.കെ. മേനോൻ, ഐ.സി.സി പ്രസിഡൻ്റ് ഏ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.ബി.പി സി പ്രസിഡൻ്റ് താഹ മുഹമ്മദ്, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് സൈനുൽ ആബ്ദീൻ, പ്രവാസി വെൽഫയർ പ്രസിഡൻ്റ് ചന്ദ്രമോഹൻ പിള്ള, ഇൻകാസ് ഉപദേശകസമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ് തുടങ്ങിയവർ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൾ റഹ്മാൻ നന്ദി പറഞ്ഞു.
ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.സി. ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, കെ.ബി.എഫ് പ്രസിഡൻ്റ് ഷഹീൻ ഷാഫി, ഐ.സി.സി ഉപദേശക സമിതി അംഗം അഷറഫ് ചിറക്കൽ, ഐ.സി.സി ലേഡീസ് വിംഗ് ചെയർപേഴ്സൺ അഞ്ജന മേനോൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി സലിം നാലകത്ത് തുടങ്ങി, വിവിധ സംഘടനാ നേതാക്കളും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു. ഇൻകാസ് വൈസ് പ്രസിഡൻ്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ അഷറഫ് നന്നംമുക്ക്, മുനീർ പള്ളിക്കൽ, പി.കെ. റഷീദ്, ഷെമീർ പുന്നൂരാൻ, യു. എം. സുരേഷ്, ജോയി പോച്ചവിള ബി.എം. ഫാസിൽ, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ദീപക് സി.ജി തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.